രണ്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ കുറിച്ചു കൊടുത്തത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്; കരുനാഗപ്പള്ളിയിലെ വനിതാ ഡോക്ടര്‍ക്കെതിരേ പരാതികള്‍ ശക്തമാകുന്നു; കാശു വാങ്ങി ഗര്‍ഭച്ഛിദ്രം നടത്തുന്നുവെന്ന് ആരോപണം…

കൊല്ലം: രണ്ടു മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കുറിച്ചു നല്‍കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ഡോക്ടറിനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്. ആശുപത്രിയുടെ മറവില്‍ ഫീസ് വാങ്ങി ഗര്‍ഭഛിദ്രം ഡോക്ടര്‍ നടത്തിവരുന്നതായി യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചു.

കഴിഞ്ഞദിവസമാണു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ആദിനാട് നോര്‍ത്ത് പ്രവീണാലയത്തില്‍ പ്രവിതക്ക് സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഷൈനി ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് മാറി നല്‍കിയത്. രണ്ടുമാസം ഗര്‍ഭിണായായ യുവതി പതിവ് സ്കാനിങ് റിപ്പോര്‍ട്ടുമായാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇന്നലെ പറഞ്ഞിരുന്നയാളല്ലേയെന്നു മാത്രം പറഞ്ഞ് ഡോക്ടര്‍ മരുന്നു കുറിച്ചു നല്‍കുകയായിരുന്നുവെന്നു യുവതിയുടെ ഭര്‍ത്താവ് അനുലാല്‍ പറയുന്നു.

ഈ കുറിപ്പുമായി മെഡിക്കല്‍ സ്റ്റോറിലെത്തിയപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ കുറിച്ചു നല്‍കിയതെന്നു യുവതി അറിയുന്നത്. മരുന്ന് കുറിച്ച് നല്‍കിയ ശേഷം ലുങ്കിയും, ബനിയനും വാങ്ങി ലേബര്‍ റൂമില്‍ വരാന്‍ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പെണ്‍കുട്ടി നേഴ്‌സമാരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീട് തിരിച്ച് ആശുപത്രിയിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ അബദ്ധം പറ്റിയെന്ന് ഡോക്ടര്‍ക്ക് മനസിലായത്. മനസിലായ ഡോക്ടര്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

എന്നാല്‍ ആശുപത്രിയില്‍ സീനിയര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പ്രസവം അലസിപ്പിക്കല്‍ നടത്തുന്നുണ്ടെന്ന ആരോപണമാണ് യുവതിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്. യുവതി വീട്ടിലെത്തിയശേഷം ഭര്‍ത്താവ് അനുലാലിനോടു കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണു പരാതിയുമായി മുന്നോട്ടു പോകണമെന്ന് നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഡോക്ടര്‍ക്കെതിരെ ആശുപത്രി സൂപ്രണ്ടിന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം അലസിപ്പിക്കല്‍ നിയമം വഴി നിരോധിച്ചിട്ടും ഇതു കാറ്റില്‍പറത്തി ഡോക്ടറുടെ നേതൃത്വത്തില്‍ ഗര്‍ഭഛിദ്രം നടത്താറുണ്ടെന്നു യുവതിയുടെ ഭര്‍ത്താവ് പറയുന്നു. യുവതിക്ക് മുന്‍പ് ഒ.പി ടിക്കറ്റില്‍ നിന്നിരുന്ന രോഗി പ്രസവ അലസല്‍ സംബന്ധമായ കേസുമായാണ് ഡോക്ടറെ സമീപിച്ചിരുന്നത്.

ഈ ഡോക്ടര്‍ വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുമുണ്ട്. ഇവിടെ ഇത്തരം കേസുകളാണ് കൂടുതലും നടക്കുന്നതെന്നാണ് ആരോപണം. ഒരു വര്‍ഷം മുന്‍പ് ഇരട്ടകുട്ടികളെ പ്രസവിച്ച കുലശേഖരപുരം സ്വദേശിയായ യുവതി ചികിത്സാപിഴവുമൂലം ലേബര്‍ റൂമില്‍ മരിച്ചിരുന്നു. കുറ്റാരോപിതയായ ഈ ഡോക്ടര്‍ക്കെതിരെ അന്ന് യാതൊരു നടപടിയും എടുത്തില്ല. ഡോക്ടര്‍ക്കെതിരായ പരാതിയില്‍ ഡി.എം.ഒക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍, രോഗികളുടെ തിരക്കുകാരണം മരുന്നു കുറിച്ചത് മാറിപ്പോയതാണെന്നാണ് ഡോക്ടറുടെ വിശദീകരണം. മരുന്നുമായി എത്തിയ രോഗിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയെന്നും നിയമാനുസൃതമായി മാത്രമേ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കൂ എന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.

 

Related posts