അന്പലപ്പുഴ: ഡോക്ടറുടെ മരണത്തിന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ കാർഡിയാക് തൊറാസിക് സർജറി മേധാവി തിരുവനന്തപുരം പട്ടം സിതാരയിൽ ഡോ.രാജശേഖര(53)നെ ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. പരിശോധിച്ച ഡോക്ടർമാർ പറയുന്നത് സ്ട്രോക്ക് വന്ന് നിലത്തു വീണതാകാമെന്നാണ്.
ഇന്നലെ പുലർച്ചെ അഞ്ചോടെ രോഗിയെ പരിശോധിച്ച ശേഷം ഡ്യൂട്ടിമുറിയിൽ വിശ്രമിക്കാൻ പോയതായിരുന്നു ഡോക്ടർ. 8.30 ഓടെ നേഴ്സ് ഡോക്ടറെ വിളിക്കാനായി മുറിയിൽ ചെന്നപ്പോൾ വാതിൽ അടച്ചിരിക്കുകയായിരുന്നു.
ജീവനക്കാർ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ രക്തത്തിൽ കുളിച്ച് താഴെ നിലത്തു കിടക്കുന്നതാണ് കണ്ടത്. എസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരത്തു നിന്നും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. ഡോക്ടറുടെ തലയുടെ പിന്നിൽ നല്ല മുറിവുണ്ട്. സ്ട്രോക്കുണ്ടായി താഴെ വീണപ്പോൾ ഉണ്ടായ മുറിവാകാമെന്നാണ് പ്രാധമിക നിഗമനം.
പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ നിമ്മി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനിക് ഡോക്ടറാണ്. ഏകമകൾ ഐശ്വര്യ നാലാം വർഷ മെഡിസിൻ വിദ്യാർത്ഥിനിയാണ്.
ഡോക്ടർ രാജശേഖരന്റെ വേർപാട് വലിയ നഷ്ടമാണ് മെഡിക്കൽ കോളജ് ആശുപത്രിക്കു വരുത്തിയിരിക്കുന്നതെന്നും സൂപ്രണ്ട് ആർ.വി. രാംലാൽ പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇവിടെ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ നടന്നുകൊണ്ടിരിക്കെയാണ് വകുപ്പു മേധാവി മരണപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മെഡി: കോളജിലെ പ്ലാന്റ് ഓപ്പറേറ്റർ മരിച്ച നിലയിൽ
അന്പലപ്പുഴ: ആശുപത്രിയിൽ പ്ലാന്റ് ഓപ്പറേറ്റർ മരിച്ച നിലയിൽ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ അനിമോ(40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോർച്ചറിക്കു സമീപമുള്ള ഓക്സിജൻ പ്ലാൻറിൽ രാത്രി ഡ്യുട്ടിയിലായിരുന്നു അനിമോൻ.
രാവിലെ എട്ടോടെ അടുത്ത ഡ്യൂട്ടി ഓപ്പറേറ്റർ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. അന്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം വകുപ്പുമേധാവിയായ ഡോക്ടറെ ഡ്യൂട്ടിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.