ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് എംബിബിഎസ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു; ജാമ്യം ലഭിച്ച് ഡോക്ടര്‍ ഡ്യൂട്ടിയില്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

Rape

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ജാമ്യം ലഭിച്ച് ഡ്യൂട്ടിക്കെത്തിയപ്പോള്‍ വിദ്യാര്‍ഥി പ്രതിഷേധം. ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് എംബിബിഎസ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം അസി.പ്രഫസര്‍ ഹബീബ് മുഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനിടെ ഡോക്ടറെ സസ്‌പെന്‍റു ചെയ്‌തെന്ന വാര്‍ത്തയും പ്രചരിച്ചു.

ജാമ്യം ലഭിച്ച ഡോക്ടര്‍ ഹബീബ് മുഹമ്മദ് ഇന്നു രാവിലെ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. വാര്‍ഡില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടറെത്തിയതോടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രിന്‍സിപ്പലിന്‍റെ ഓഫീസിനു മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കാതെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററിനകത്തു വച്ചാണ് വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ബുധനാഴ്ചയാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തതും അറസ്റ്റു ചെയ്തതും. എന്നാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ജാമ്യം കിട്ടാന്‍ അവസരമൊരുക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപ്പൊള്ളലേറ്റ് പ്രവേശിപ്പിച്ച സ്ത്രീയുടെ ശരീരത്തിന്‍റെ രഹസ്യഭാഗങ്ങളുടെ ഫോട്ടോയെടുത്ത കേസില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വകുപ്പുതല നടപടികളുടെ ഭാഗമായാണ് ഇയാളെ സ്ഥലംമാറ്റിയത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് പീഡനവുമായി ബന്ധപ്പെട്ട് ഹബീബ് മുഹമ്മദിനെതിരെ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് സൂചന. ഡോക്ടറെ പുറത്താക്കണമെന്നും നിര്‍ബന്ധ അവധിയില്‍ പ്രവേശിപ്പിക്കണമെന്നും വിദ്യാര്‍ഥികളും അനില്‍ അക്കര എംഎല്‍എയും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

Related posts