സര്‍ജനെ പാഠംപഠിപ്പിക്കാന്‍! സര്‍ജനെതിരായ പീഡനപ്പരാതി ഗൂഢാലോചനയെന്ന് ആരോപണം; അണുബാധ ഒഴിവാക്കാന്‍ ശുചിത്വമില്ലാത്തവരെ തടഞ്ഞതാണ് കാരണം

സ്വന്തം ലേഖകന്‍
Rape

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ച മുന്പുണ്ടായ പീഡന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്നു മെഡിക്കല്‍ കോളജില്‍നിന്നുതന്നെ ആരോപണമുയര്‍ന്നു. ആരോപണമുന്നയിച്ച് കാന്പസില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിയതിനു പിറകേ ആരോപണ വിധേയനായ സര്‍ജനെ അറസ്റ്റു ചെയ്യുകയും മെഡിക്കല്‍ കോളജ് അധികൃതര്‍ സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തിരുന്നു. സര്‍ജനെ മജിസ്‌ട്രേട്ട് ജാമ്യത്തില്‍ വിട്ടിരുന്നു.

എന്നാല്‍, പിന്നീടാണ് ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയമുണ്ടായത്. ഓപ്പറേഷന്‍ തിയേറ്ററില്‍ പരിശീലനത്തിനെത്തിയ നാലു വിദ്യാര്‍ഥിനികള്‍ അടക്കം എട്ടുപേര്‍ നോക്കിനില്‍ക്കേ തന്‍റെ കൈയില്‍ സര്‍ജന്‍ പിടിച്ചെന്നാണ് ഒരു വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നത്.

ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററുകളിലേക്കു പ്രവേശിക്കുന്‌പോള്‍ പാലിക്കേണ്ട ശുചിത്വ നിയമങ്ങള്‍ ലംഘിച്ചതിനെതിരേ താക്കീതു നല്‍കിയതിന്‍റെ പേരിലാണു പീഡന ആരോപണം ഉന്നയിച്ച് സര്‍ജന്‍ ഡോ. ഹബീബ് മുഹമ്മദിനെ കെണിയിലാക്കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കുന്‌പോള്‍ കൈയിലും മുഖത്തും ആഭരണങ്ങളും മറ്റും ഉണ്ടാകരുതെന്നാണു നിയമം. എന്നാല്‍ തിയേറ്ററില്‍ എത്തിയ എട്ടുപേരില്‍ നാലഞ്ചുപേരുടെ കൈകളില്‍ ചരടുകൊണ്ടുള്ള കെട്ടുകളുണ്ടായിരുന്നു. മിക്കവരുടേയും കൈകളില്‍ വളയും മോതിരവും വാച്ചും നെറ്റിയില്‍ ഒട്ടിച്ചുവയ്ക്കുന്ന പൊട്ടും ഉണ്ടായിരുന്നു.

ശസ്ത്രക്രിയാ മുറിവുകളില്‍ അണുബാധയുണ്ടാകാന്‍ വഴിയൊരുക്കുന്ന ഇവ ധരിച്ച് തിയേറ്ററിലേക്കു പ്രവേശിക്കരുതെന്നാണു നിയമം. അണുബാധ രോഗികളുടെ മരണത്തിനുതന്നെ ഇടയാക്കും. ഇതു തടയാന്‍ കരുതലുണ്ടാകണമെന്നു നിര്‍ദേശം നല്കിയ സര്‍ജനെ പാഠംപഠിപ്പിക്കാന്‍ പീഡനപ്പരാതി ചമച്ചുവെന്നാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയിലുള്ള സംസാരം.

കഴിഞ്ഞ 24 നു ചൊവ്വാഴ്ചയാണു സംഭവം. ആരോപണവിധേയനായ സര്‍ജന്‍റെ മൊഴി ഔപചാരികമായി ആരും രേഖപ്പെടുത്തിയിട്ടില്ല. മെഡിക്കല്‍ കോളജിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചോദിച്ചറിഞ്ഞതോടെയാണു കെട്ടിച്ചമച്ച ആരോപണമാണെന്ന ആക്ഷേപം ഉയര്‍ന്നത്. ഇതിനിടെ വിഷയത്തെ വര്‍ഗീയവത്കരിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമമുണ്ടായി.

കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഫാക്കല്‍റ്റീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ ഡോ. ഹബീബ് മുഹമ്മദ് കേരളത്തിലെ ആദ്യ ബാച്ചില്‍പെട്ട റോബോട്ടിക് സര്‍ജനാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ ഏറ്റവും ആധുനിക ശസ്ത്രക്രിയാരീതിയാണു റോബോട്ടിക് സര്‍ജറി. റോബോട്ടിക് സര്‍ജറി പരിശീലന കേന്ദ്രം തുടങ്ങണമെന്നു മുന്‍ ആരോഗ്യവകുപ്പു മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.
ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് നിരവധി ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും സര്‍ക്കാരിനു മുന്നില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്ത ഡോക്ടറെ അപമാനിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

Related posts