മുളങ്കുന്നത്തുകാവ്: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ എംബിബിഎസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു മുന്പ് പുറത്തായ സംഭവത്തിൽ അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ പേരാമംഗലം സിഐ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സർവകലാശാലയിലെത്തി തെളിവെടുപ്പ് നടത്തിയത്.2012 ൽ പ്രവേശനം നേടിയ എംബിബിഎസ് ബാച്ചിന്റെ അവസാനവർഷ പരീക്ഷാഫലമാണ് പ്രസിദ്ധപ്പെടുത്തുന്നതിനുമുന്പേ ചോർന്നത്.
കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ ഫലം ചൊവ്വാഴ്ച രാത്രിമുതൽ കോളജിന്റെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. ഈ കോളജിലെ വിദ്യാർഥികൾ മറ്റു കോളജിലെ വിദ്യാർഥികൾക്കു തങ്ങളുടെ മാർക്ക് കൈമാറിയപ്പോഴാണ് പ്രസിദ്ധപ്പെടുത്താത്ത ഫലത്തെ സംബന്ധിച്ച് മറ്റു വിദ്യാർഥികൾ പരാതിപ്പെട്ടത്. തുടർന്ന സർവകലാശാല വൈസ് ചാൻസലർ എസ്പിക്കു പരാതികൊടുക്കുകയായിരുന്നു.
സർവകാശാല രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ എന്നിവരിൽനിന്ന് ഇന്നലെ പോലീസ് വിവരങ്ങൾ ശേഖരിച്ചു. സർവകലാശാലയിലെ ഇ വിഭാഗത്തിന്റെ ചുമതലയുള്ള ഹരിലാൽ, കന്പ്യൂട്ടർ പ്രോഗ്രാമർ എന്നിവരിൽനിന്നു പരീക്ഷാ ഫലങ്ങൾ രേഖപ്പെടുത്തുന്നതു സംബന്ധിച്ച് പോലീസ് വിവരങ്ങൾ ആരാഞ്ഞു.
സൈബർ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷാഫലം ആദ്യമായി സാമൂഹിക മാധ്യമത്തിലിട്ട വിദ്യാർഥിയുടെ വാട്സാപ്പിലെ സമയവും ഉറവിടവും സംബന്ധിച്ച് സൈബർപോലീസ് അന്വേഷിക്കും. സർവകലാശാലയിലെ ഏതെങ്കിലും ജീവനക്കാരൻ മുഖേനയാണോ ഫലം പുറത്തായത് എന്നതും പരീക്ഷാസംബന്ധമായ വിവരങ്ങൾ സൂക്ഷിച്ചുവ യ്ക്കുന്നതിൽ കാര്യമായ സൂക്ഷ്മത ഉണ്ടോ എന്നതും പോലീസ് അന്വേഷണത്തിലുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച പരീക്ഷാഫലം യഥാർഥത്തിലുള്ളതാണെന്നും സർവലകലാശാലയിൽനിന്നു ചോർന്നതുതന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫലം ചോരുന്നതിന്റെ ഒരു ദിവസം മുന്പ് ആരോഗ്യ സർവകലാശാലയുടെ കീഴിൽ വരുന്ന 255 ആരോഗ്യ വിദ്യാഭ്യാസ സഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ പങ്കെടുത്ത യോഗം സർവകലാശാലയിൽ ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്കു സംഭവത്തിൽ പങ്കുണ്ടോ എന്നു പരിശോധിക്കും. പരീക്ഷാഫലത്തിന്റെ പകർപ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മേധവിക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാർക്കും അയിച്ചിരുന്നതായും സൂചനയുണ്ട്.