വിവാഹത്തിനു മുന്നോടിയായുള്ള വരന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട് ഇക്കാലത്ത് ട്രെൻഡ് ആണ്. ലക്ഷങ്ങൾ മുടക്കിയാണു ചിലർ ഫോട്ടോഷൂട്ട് നടത്തുന്നത്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഫോട്ടോഷൂട്ട് വൻ വിവാദമായി. ചിത്രദുർഗ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു ഫോട്ടോഷൂട്ട്. വരൻ ആശുപത്രിയിലെ ഡോക്ടറും. അപ്പോൾ വിവാദമാകാതെ തരമില്ലല്ലോ!
ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിച്ചായിരുന്നു ഫോട്ടോഷൂട്ട്.
തിയറ്ററിനുള്ളിലെ മെഡിക്കൽ ഉപകരണങ്ങൾ ചിത്രീകരണത്തിനായി ഇവർ ഉപയോഗിച്ചു. ഫോട്ടോഷൂട്ട് വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടറെ സർവീസിൽനിന്നു പിരിച്ചുവിട്ടു.
ഒരു മാസം മുമ്പാണ് ഇയാൾ നാഷണൽ മെഡിക്കൽ ഓഫീസറായി കരാർ നിയമനം നേടിയത്. ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്നു കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനാണ്, അല്ലാതെ അവിടത്തെ ജീവനക്കാർക്ക് അഴിഞ്ഞാടാനല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.