ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ പി ജി ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു.അമിതമായി ജോലി ചെയ്യിപ്പിക്കൽ, മാനസിക പീഡനം, അവധി നൽകാതിരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പറയുന്നു. വൈക്കം സ്വദേശിയായ മൂന്നാം വർഷ പിജി ഡോക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ ഗൈനക്കോളജി ബാത്ത് റൂമിൽ വച്ചായിരുന്നു സംഭവം. അമിതമായി ഗുളിക കഴിച്ചശേഷം കൈ ഞരന്പ് മുറിക്കുകയായിരുന്നു.
ബാത്ത് റൂം അധികനേരമായി അടഞ്ഞുകിടക്കുന്നത് ശ്രദ്ധിച്ച ജീവനക്കാരി വിവരമറിയിച്ചതനുസരിച്ചു വാതിൽ പൊളിച്ച് ഡോക്ടറെ വെളിയിലിറക്കുകയായിരുന്നു. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മൂന്നു മാസം മുന്പാണ് ഡോക്ടർ വിവാഹിതനായത്. അതിനുശേഷം അദ്ദേഹത്തിന് അവധി നൽകാൻ വകുപ്പ് മേധാവി തയാറാകാതെ തുടർച്ചയായി 15 ദിവസം വീതം രാത്രിയിലും പകലും ഡ്യൂട്ടി നൽകിയെന്നാണ് ഡോക്ടർ പറയുന്നത്.
മൂന്നു മാസമായി ഒരവധിപോലും നൽകാതെ രാത്രിയിലും പകലും ഡ്യൂട്ടി ചെയ്യിപ്പിച്ച വകുപ്പ് മേധാവിയുടെ നടപടിയിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. പിജി ഡോക്ടർ ആത്മഹത്യാ ശ്രമം നടത്തിയതിന് കാരണക്കാരനായ വകുപ്പ് മേധാവിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പിജി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസ് പടിക്കൽ ഇന്ന് രാവിലെ 10ന് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.