പത്തനംതിട്ട: രോഗിയായ ക്ലാരയ്ക്കും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി ഡോ. എം. എസ്. സുനിൽ. കൊല്ലം ജില്ലയിലെ മെതുംമേൽ കൊച്ചുതറവീട്ടിൽ ക്ലാരയ്ക്കും കുടുംബത്തിനുമാണ് ഏഴംകുളം സ്വദേശികളായ ഏബ്രഹാം സഖറിയ – മേരിക്കുട്ടി ഏബ്രഹാം ദന്പതികളുടെ സഹായത്താൽ വീട് നിർമിച്ചു നല്കിയത്. ഭവനരഹിതരായ നിരാലംബർക്കായി സുനിൽ ടീച്ചർ നിർമിച്ചു നല്കുന്ന 109-ാമത്തെ വീടാണിത്.
രണ്ടേമുക്കാൽ ലക്ഷം രൂപ ചെലവിൽ രണ്ട് മുറികളും അടുക്കളയും സിറ്റൗട്ടും അടങ്ങിയതാണ് വീട്. ക്ലാരയും കൂലിവേലക്കാരനായ ഭർത്താവും വിദ്യാർഥിയായ മകനും അടങ്ങുന്ന കുടുംബം വർഷങ്ങളായി ചോർന്നൊലിക്കുന്ന മൺകുടിലിനുള്ളിലായിരുന്നു താമസം.
കാലവർഷക്കെടുതിയിൽ താമസിച്ചിരുന്ന കുടിൽ വാസയോഗ്യമല്ലാതായതോടെ പ്രമേഹം മൂലം കാൽ പാദത്തിൽ ശസ്ത്രക്രിയ നടത്തി വർഷങ്ങളായി നടക്കാൻ കഴിയാത്ത അവസ്ഥയിൽ നിത്യചെലവിനു പോലും മാർഗമില്ലാതെ ക്ലാരയ്ക്കും കുടുംബത്തിനും തലചായ്ക്കാൻ പോലും ഒരിടം ഇല്ലാത്ത അവസ്ഥയിലായി. ഇവരുടെ ദുരിതജീവിതം വാർഡ് മെംബറായ ലിസി വർഗീസാണ് സുനിൽ ടീച്ചറെ അറിയിച്ചത്.
വീടിന്റെ ഉദ്ഘാടനം ഡോ. എം.എസ്. സുനിൽ നിർവഹിച്ചു. താക്കോൽദാനം ഫാ. അച്ചൻകുഞ്ഞും മേരി ഏബ്രഹാമും ചേർന്നു നിർവഹിച്ചു. ചടങ്ങിൽ വാർഡംഗം ലിസി വർഗീസ്, മുൻ മെംബർ എം.ജി. വർഗീസ്, പി. തോമസ്, കെ.പി. ജയലാൽ, പി. പ്രവീൺ, എം.എ. ജബ്ബാർ എന്നിവർ പ്രസംഗിച്ചു.