ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് മാനസിക രോഗിയല്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്.
പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോടു പറഞ്ഞു.
ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്.
പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് സന്ദീപ് ഏറ്റു പറഞ്ഞിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു. രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്.
കൊലപാതകത്തിന്റെ നാലാം നാളായ ശനിയാഴ്ച, സന്ദീപ് സാധാരണ അവസ്ഥയിലായിരുന്നു. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല.
അതോടെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധിച്ചു.
മാനസിക ആരോഗ്യപ്രശ്നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് സ്ഥിരീകരിച്ചു.
അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.
സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത്.