സീമ മോഹൻലാൽ
ആയുർവേദ ഡോക്ടർ ആണെങ്കിലും പാന്പ് പിടിത്തത്തിൽ ഡോ.വിശാൽ സോണി എക്സപെർട്ടാണ്. ഇതിനകംതന്നെ ഇദ്ദേഹത്തിന്റെ വലയിൽ കുടുങ്ങിയത് 67 പാന്പുകളാണ്.
ഇതിൽ വിഷപ്പാന്പുകളാണ് ഏറെയും. പാന്പുകളെ ഭയപ്പെട്ടിരുന്ന ഡോ. വിശാലിനെ പാന്പ് പിടിത്തക്കാരനാക്കിയ കഥ…
പ്രചോദനമേകിയ പത്രപ്പരസ്യം
ഡോ.വിശാലിനു പാന്പുകളെ ഭയമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒന്നര വർഷം മുന്പ് ഒരു പത്രപ്പരസ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ പാന്പ് പിടിക്കുന്നതിനു പരിശീലനം നൽകുന്നുവെന്നതായിരുന്നു ആ പരസ്യം. പാന്പുകളെക്കുറിച്ച് അറിഞ്ഞാൽ പേടി കുറയുമെന്നു കരുതി വിശാൽ പരിശീലന ക്ലാസിനു ചേർന്നു.
എരുമേലിയിൽ നടന്ന ഏകദിന ക്ലാസിൽ പാന്പുകളുടെ ചിത്രങ്ങൾ കാണിച്ചു. വിഷമുള്ളതും ഇല്ലാത്തതുമായ പാന്പുകളെക്കുറിച്ചു വിശദീകരിച്ചു.
ഇത് പഠിച്ചശേഷം ഇനി വീട്ടിലേക്ക് മടങ്ങാമെന്നു കരുതിയ വിശാലിനും മറ്റു പഠിതാക്കൾക്കും മുന്നിൽ പരിശീലകർ മറ്റൊരു കാര്യം കാണിച്ചു.
വിഷം ഉള്ളതും ഇല്ലാത്തതുമായ കുറേ പാന്പുകളെ കൂട തുറന്നു പുറത്തേക്കു വിട്ടു. ഇവയെ പിടിച്ചു കൂട്ടിൽ കയറ്റണം. അതിനുള്ള ഉപകരണവും നൽകി. ആദ്യമൊന്നു ഭയന്നെങ്കിലും വിശാൽ ആ ദൗത്യത്തിൽ വിജയിച്ചു.
അതോടെ അദ്ദേഹത്തിന് പാന്പു പിടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസും ലഭിച്ചു. ഒരുപക്ഷേ സംസ്ഥാനത്ത് പാന്പ് പിടിക്കുന്നതിനുള്ള ലൈൻസൻസ് കിട്ടിയിട്ടുള്ള ഏക ഡോക്ടർ ഇദ്ദേഹമായിരിക്കും.
അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സന്നദ്ധസേനയിൽ കോട്ടയം ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ കൂടിയാണ് ഇദ്ദേഹം.
ഇതുവരെ പിടിച്ചത് 67 പാന്പുകളെ
പരിശീലനം പൂർത്തിയായ ശേഷം മറ്റ് അംഗങ്ങൾക്കൊപ്പമായിരുന്നു ഡോ. വിശാൽ സോണി പാന്പുകളെ പിടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പാന്പിനെ പിടിക്കണം എന്നൊരു ഫോണ് കോൾ വന്നാൽ വിശാൽ ഉടനെ അവിടെയെത്തും.
ഇതിനകംതന്നെ വിഷം ഉള്ളതും ഇല്ലാത്തതുമായ 67 പാന്പുകളെയാണ് വിശാൽ പിടികൂടിയിരിക്കുന്നത്. ഇതിൽ 30 മൂർഖൻ, 16 പെരുന്പാന്പ്, 13 ചേര, നാല് ചുവർപ്പാന്പ്, ഒരു അണലി, ഒരു നീർക്കോലി, ഒരു കാട്ടുപാന്പ്, ഒരു പറക്കും പാന്പ് ഇങ്ങനെ വരും. ശംഖുവരയനും രാജവെന്പാലയും മണ്ണൂലിയും തന്റെ കൈയിൽ കിട്ടിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
എത്രയധികം പാന്പുകളെ കൈകാര്യം ചെയ്തു എന്നതിന് വലിയ പ്രാധാന്യം ഒന്നുമില്ല. ഓരോ പുതിയ കേസും ഓരോ പുതിയ സാഹചര്യവും അതുപോലെ വെല്ലുവിളികൾ നിറഞ്ഞതും ആവാം.
പാന്പുകളുമായി ബന്ധപ്പെട്ട് എപ്പോഴും അപകടസാധ്യതകൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ലഭിച്ച പരിശീലനങ്ങളാലും ഉപകരണങ്ങളുടെ സഹായത്തോടെയും അവയെ പരമാവധി മറികടക്കാൻ ശ്രമിക്കുന്നു എന്നുമാത്രം.
ഏത് പുതിയ കേസ് വരുന്പോഴും അതീവ ജാഗ്രതയോടെയാണ് ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹുക്ക്-ബാഗ്-പൈപ്പ് രീതി
ഹുക്ക്- ബാഗ്-പൈപ്പ് രീതിലൂടെയാണ് പാന്പുകളെ പിടികൂടുന്നത്. ഇതിനായുള്ള ഉപകരണങ്ങളും വനംവകുപ്പ് നൽകിയിട്ടുണ്ട്.
രണ്ട് ഹുക്കുകളും ഒരു ഫ്രെയിമും രണ്ട് സ്നേക്ക് ബാഗുകളും ഇതെല്ലാം കൂടി ഇടാനുള്ള ക്യാരി ബാഗുമാണ് പരിശീലനം നേടുന്നവർക്ക് വനംവകുപ്പ് ലഭ്യമാക്കുന്ന കിറ്റിൽ ഉള്ളത്.
കൂടാതെ വിവിധ വലിപ്പങ്ങളിലുള്ള കുറച്ച് പൈപ്പ് കഷ്ണങ്ങളും ഒരു കത്രികയും അധികമായി കിറ്റിൽ സൂക്ഷിക്കും. പൈപ്പുകൾ പാന്പിന്റെ വലിപ്പം അനുസരിച്ച് ബാഗിൽ സെറ്റ് ചെയ്യാനും വലയിൽ കുടുങ്ങിയ പാന്പുകളെ രക്ഷപ്പെടുത്തുന്പോൾ കടിയേൽക്കാതെ തല ലോക്ക് ചെയ്ത് പിടിക്കാനും ഉപകരിക്കും.
കത്രിക വലയിൽ കുടുങ്ങിയ പാന്പുകളെ വല മുറിച്ച് രക്ഷപ്പെടുത്താനാണ്. പാന്പുകളെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഇല്ലെങ്കിൽ പരമാവധി പറഞ്ഞ് മനസിലാക്കാനാണ് ശ്രമിക്കാറുള്ളതെന്ന് വിശാൽ പറയുന്നു.
എന്നിട്ടും പേടി മാറുന്നില്ലെങ്കിൽ അവിടെ പോയി കാര്യങ്ങൾ വിശദമായി പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കും. എന്നിട്ടും പേടി മാറുന്നില്ല, വിഷമില്ലാത്ത പാന്പാണെങ്കിലും അവിടെ വിട്ടിട്ട് പോന്നാൽ പേടികൊണ്ട് അവർ തല്ലിക്കൊല്ലും എന്ന സ്ഥിതിയാണെങ്കിൽ മാത്രം അതിനെ പിടികൂടി സുരക്ഷിതമായി ജീവിക്കാനാവുന്ന ഏതെങ്കിലും ചുറ്റുപാടുകളിൽ വിട്ടയയ്ക്കും- തന്റെ പാന്പുപിടിത്ത രീതിയെക്കുറിച്ച് വിശാൽ സോണി പറയുന്നു.
അപകടകരമായ സാഹചര്യങ്ങൾ ഏറെ
പാന്പുപിടിക്കുന്ന സമയത്ത് അപകടകരമായ പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. കുറിച്ചിയിൽ വച്ച് വാവാ സുരേഷിന് പാന്പു കടിയേറ്റ ശേഷം ആ പ്രദേശത്ത് പാന്പുപിടിക്കാനായി പല സന്ദർഭങ്ങളിലും പോകേണ്ടി വന്നിട്ടുണ്ട്.
ഒരു ദിവസം രാത്രി ഒരു മണിക്ക് കുറിച്ചിയുടെ തെക്കേഅറ്റത്ത് ഒരു വീട്ടുമുറ്റത്ത് വലയിൽ കുടുങ്ങിയ മൂർഖൻ പാന്പിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അസാമാന്യ വലുപ്പമുള്ള ആ പാന്പിനെ വളരെ ഭയാനകമായ സാഹചര്യത്തിലാണ് രക്ഷപ്പെടുത്തിയതെന്ന് വിശാൽ പറഞ്ഞു. ചിലപ്പോഴൊക്കെ വലയിൽ നിന്ന് പാന്പുകൾ ചാടിപ്പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
അതെല്ലാം മുന്നിൽക്കണ്ടുകൊണ്ടാണ് പാന്പുകളുടെ രക്ഷാപ്രവർത്തനം നടത്താറുള്ളത്. പിടിക്കുന്ന പാന്പുകളിൽ വിഷമില്ലാത്തവയെ ഒഴിഞ്ഞ പാടങ്ങളിലേക്ക് തുറന്നുവിടും.
വിഷപ്പാന്പുകളെയും പെരുന്പാന്പിനെയും കോട്ടയം പാറന്പുഴയിലുള്ള വനംകുപ്പ് ഡിവിഷണൽ ഓഫീസിന്റെ എസ്ഐപി യൂണിറ്റിനു കൈമാറും. പിന്നീട് വനംവകുപ്പ് അവയെ റാന്നിയിലോ എരുമേലിയിലോ ഉൾവനത്തിൽ കൊണ്ടുവിടും.
ആയുർവേദ ഡോക്ടർ
കോട്ടയം തിരുവാർപ്പ് കാഞ്ഞിരക്കാട്ട് മഠത്തിൽ ഡോ. വിശാൽ സോണി ആയുർവേദ ഡോക്ടറാണ്. പന്തളം മന്നം ആയുർവേദ കോളജിൽനിന്ന് ബിഎഎംഎസ് പഠിച്ച ഇദ്ദേഹം രാജസ്ഥാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽനിന്ന് മലദ്വാരരോഗങ്ങളുടെ ചികിൽസയിൽ പരിശീലനം നേടിയിട്ടുണ്ട്.
വീട്ടിൽ തന്നെയാണ് ക്ലിനിക്ക് നടത്തുന്നത്. അമ്മ കൃഷ്ണകുമാരി മകന്റെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കാറില്ലെന്ന് വിശാൽ പറയുന്നു.