കൊറോണ ദുരിതത്തിലുഴറുന്ന ചൈനയിൽ, രോഗീപരിചരണത്തിനായി തന്റെ കല്യാണസമയം വെട്ടിച്ചുരുക്കി ചൈനീസ് ഡോക്ടർ. ഷാൻഡോംഗ് സർവകലാശാലയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോ. ലി സി ക്യാംഗ് ആണ് രാജ്യത്തിന്റെ പ്രതിസന്ധി പരിഗണിച്ചു തന്റെ കല്യാണം പത്തു മിനിറ്റിലൊതുക്കിയത്.
കല്യാണം ഏറ്റം ലളിതമാക്കാനുള്ള ക്യാംഗിന്റെ തീരുമാനത്തിനു വധു യു ഹോംഗ്യാന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. ഇരുവരുടെയും മാതാപിതാക്കൾ മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്.
കൊറോണ വരും മുന്പേ നിശ്ചയിച്ചിരുന്ന കല്യാണം, കെങ്കേമമാക്കാനായിരുന്നു ഇരുവരുടെയും കുടുംബാംഗങ്ങൾ പദ്ധതിയിട്ടിരുന്നത്.
ഇതിനായി നിരവധിയാളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, രോഗം പടർന്ന സാഹചര്യത്തിൽ കല്യാണം ലളിതമാക്കുകയായിരുന്നു.
കല്യാണത്തിനു ശേഷം വധുവിനെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞുവിട്ട ഡോ. ലി സി ക്യാംഗ് നേരേ പോയത് ആശുപത്രിയിലേക്കാണ്.
പല ഡോക്ടർമാർക്കും 24 മണിക്കൂറും ആശുപത്രിയിൽ തന്നെ ചെലവിടേണ്ടിവരുന്ന ഈ അടിയന്തര ഘട്ടത്തിൽ ആഘോഷങ്ങൾക്കു കളയാൻ തനിക്കു സമയമില്ലെന്നു ഡോ. ലി സി ക്യാംഗ് പറഞ്ഞു.