ഹോസാംഗബാദ്: അവിഹിത ബന്ധം തുടരാൻ ഡ്രൈവറെ കൊന്ന് കഷണങ്ങളാക്കി മുറിച്ച് ആസിഡിൽ മുക്കിയ ഡോക്ടർ അറസ്റ്റിൽ. തിങ്കളാഴ്ച മധ്യപ്രദേശിലെ ഹോസാംഗബാദിലായിരുന്നു സംഭവം. സർക്കാർ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടർ സുനിൽ മൻത്രിയാണ് (56) അറസ്റ്റിലായത്. ഇയാളുടെ ഡ്രൈവർ വിരേന്ദ്ര പച്ചൂരിയാണ് (30) കൊല്ലപ്പെട്ടത്. പച്ചൂരിയുടെ ഭാര്യയുമായുള്ള അവിഹിതബന്ധം തുടരുന്നതിനായിരുന്നു മൻത്രി കടുംകൈ ചെയ്തത്.
ഹോസാംഗബാദിലെ അനാന്ദ് നഗറിലാണ് മൻത്രി താമസിച്ചിരുന്നത്. വിഭാര്യനായ മൻത്രി ഇറ്റാർസിയിലെ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. അനാന്ദ് നഗറിലെ ഇരുനില വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു വർഷം മുമ്പാണ് മൻത്രിയുടെ ഭാര്യ മരിച്ചത്. മകനും മകളും മുംബൈയിൽ ജോലി ചെയ്യുകയാണ്.
മൻത്രിയുടെ ഭാര്യയും കൊല്ലപ്പെട്ട പച്ചൂരിയുടെ ഭാര്യയും ചേർന്ന് 2010 മുതൽ ബോട്ടിക് നടത്തിവന്നിരുന്നു. മൻത്രിയുടെ വീടിനോട് ചേർന്നാണ് ബോട്ടിക് തുടങ്ങിയത്. മൻത്രിയുടെ ഭാര്യയുടെ മരണ ശേഷവും പച്ചൂരിയുടെ ഭാര്യ ഈ ബോട്ടിക് നടത്തിക്കൊണ്ടുപോയി. ഈ സമയം ആണ് മൻത്രിയും ഇവരും തമ്മിൽ അടുത്തത്.
ഈ ബന്ധം പച്ചൂരി കണ്ടെത്തുകയും പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ അവിഹിതബന്ധത്തിന് പച്ചൂരി തടസമാണെന്നു കണ്ട ഡോക്ടർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇറ്റാർസിയിലെ ആശുപത്രിയിൽ രാവിലെ പോയ പച്ചൂരി വൈകുന്നേരം തിരിച്ചെത്തി. പല്ലുവേദന അനുഭവപ്പെട്ട പച്ചൂരി ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് പച്ചൂരിക്ക് കടുത്ത വീര്യത്തിലുള്ള വേദന സംഹാരി മൻത്രി കുത്തിവച്ചു.
ഇതോടെ മയക്കത്തിലായ പച്ചൂരിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നേരത്തെ വാങ്ങിവച്ച വാൾ ഉപയോഗിച്ച് ശരീരം പല കഷങ്ങളാക്കി മുറിച്ചു. നേരത്തെ തന്നെ വാങ്ങിവച്ചിരുന്ന ആസിഡ് പാട്ടയ്ക്കുള്ളിൽ ശരീരഭാഗങ്ങൾ നിക്ഷേപിക്കുകയും ചെയ്തു. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ട അയൽക്കാർ രാവിലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.