രോഗികളുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ല. എന്നാൽ തന്റെ ബോൺമാരോ ദാനം ചെയ്താണ് ഫ്ലോറിഡയിൽ നിന്നുള്ള ഡോക്ടർ അലി അൽസമാര രോഗിയായ ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത്.
ഒക്കാലയിൽ അഡ്വെന്റ് ഹെൽത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റർവെൻഷൻ കാർഡിയോളജി സ്പെഷ്യലിസ്റ്റാണ് അദ്ദേഹം. ഗുഡ് ന്യൂസ് മൂവ്മെന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഡോക്ടറുടെ ചിത്രത്തിനൊപ്പം ഈ സംഭവം പങ്കുവച്ചിരിക്കുന്നത്.
തന്റെ മജ്ജ അസ്ഥി മജ്ജ ആവശ്യമുള്ള ഒരു കുട്ടിയ്ക്ക് നൽകാനാകും എന്ന് അറിഞ്ഞതോടെ അതിനുള്ള ശ്രമങ്ങൾ ഡോക്ടർ ആരംഭിച്ചു. തനിക്ക് ഇപ്പോൾ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്ന് ഡോക്ടർ പറഞ്ഞു.
ഈ പ്രവൃത്തി ഒരാൾക്കെങ്കിലും പ്രചോദനമാവുകയാണെങ്കിൽ അതിലും വലിയൊരു സന്തോഷം തനിക്കില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഒരു ജീവൻ രക്ഷിക്കാൻ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണം, അതിനായ് അവയവദാനം നടത്തേണ്ടി വന്നാൽ ഭയക്കേണ്ടതോ മടിക്കേണ്ടതോ ഇല്ലെന്നും ഡോക്ടർ അലി പറഞ്ഞു.
ഗുഡ് ന്യൂസ് മൂവ്മെന്റിന്റെ ഈ പോസ്റ്റ് വൈറലായോടെ ഡോക്ടറെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള മനുഷ്യരുള്ളത് കൊണ്ടാണ് ലോകം നിലനിൽക്കുന്നതെന്നും, ഡോക്ടർ റിയൽ ലൈഫ് ഹീറോ ആണെന്നുമാണ് വരുന്ന മറ്റ് കമന്റുകൾ.