കണ്ണൂര്‍: കോവിഡ് ദുരിതകാലത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് ഡോക്ടര്‍ ദമ്പതികളുടെ ജന്മദിന സമ്മാനം. ഗവ. മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സുധാകരനും ഭാര്യ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലെ ഡോക്ടറുമായ ശ്രീമതിയുമാണ് ഈ ദുരിതകാലത്ത് സഹപ്രവര്‍ത്തകര്‍ക്കു സഹായവുമായെത്തിയത്.
ഡോ. ശ്രീമതിയുടെ ജന്മദിനത്തില് തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൈത്താങ്ങേകാന്‍ രണ്ടുവട്ടം ചിന്തിക്കേണ്ടിവന്നിരുന്നില്ല. ഒരുലക്ഷം രൂപയുടെ എന്‍ 95 മാസ്കുകള്‍ ആശുപത്രിയിലേക്കു കൈമാറിയാണ് ഡോക്ടര്‍ ദമ്പതികള്‍ നാടിനാകെ മാതൃകയായത്.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശികളാണ് ഡോ.സുധാകരനും പത്നി ഡോ.ശ്രീമതിയും. ഡോ. ശ്രീമതിയില്‍നിന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ് മാസ്കുകള്‍ ഏറ്റുവാങ്ങി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. രാജീവ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.വിമല്‍ റോഹന്‍, എആര്‍എംഒ ഡോ. മനോജ് കുമാര്‍, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഡോ.ബിന്ദു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.