പാറശ്ശാല : താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവതി പ്രസവശേഷം ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും വൈദ്യ സഹായം ലഭ്യമാകാതിരുന്നതിനെ തുടർന്ന് യുവതിയെ തിരുവനന്തപുരം എസ് എ ടി യിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് സംഭവം.
പാളുകൾ സ്വദേശിനിയായ യുവതിയുടെ പ്രസവം ഇന്നലെ രാവിലെ 11 .30 മണിയോടെ നടന്നു.തുടർന്ന് കത്തീറ്റർ ഇടുകയായിരുന്നു.കത്തീറ്റർ ഇട്ടുകഴിഞ്ഞാൽ നാല് മണിക്കൂർ കഴിഞ്ഞയുടൻ മാറ്റണം .
അതിനുള്ള സമയമായപ്പോൾ 4 മണിയോടെ ഡ്യൂട്ടി നേഴ്സ് ഡോക്ടറെ വിളിച്ചുവെങ്കിലും വൈദ്യ സഹായം ലഭിച്ചില്ല. . പ്രസവിച്ച യുവതി നേഴ്സ് ആയിരുന്നതിനാൽ സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബന്ധുക്കളെ വിവരം അറിയിച്ചു.
ബന്ധുക്കൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ ഡോക്ടർ എത്തി കത്തീറ്റർ ഊരി മാറ്റാൻ ശ്രമിച്ചുവെങ്കിലും സമയം അതിക്രമിച്ചതിനാൽ അതിനു കഴിഞ്ഞില്ല. തുടർന്ന് സർജനെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തുടർന്ന് അക്രമാസക്തരായ ബന്ധുക്കളെ പോലീസ് എത്തി പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് അകമ്പടിയോടെ യുവതിയെ തിരുവനന്തപുരം എസ്എ ടി യിലേക്ക് മാറ്റുകയായിരുന്നു.