മൈസൂരു: യാത്രക്കാരന്റെ ജീവൻ രക്ഷിച്ച മൈസൂരു സ്വദേശി ഡോക്ടർക്ക് എയർഫ്രാൻസ് വിമാനക്കമ്പനിയുടെ ആദരം. 69കാരനായ പ്രഭുലിംഗസ്വാമി സംഗനൽമത്തിനെ തേടിയാണ് കഴിഞ്ഞ ദിവസം കമ്പനിയുടെ പാരിതോഷികം എത്തിയത്.
നവംബർ 13നാണ് ഇതിനാസ്പദമായ സംഭവം നടക്കുന്നത്. കുവേംപുനഗറിൽ സ്വന്തമായി ക്ലിനിക് നടത്തുന്ന റിട്ടയേഡ് ഗവൺമെന്റ് ഫിസിഷ്യൻ കൂടിയായ ഡോ. പ്രഭുലിംഗസ്വാമി പാരിസിൽ നിന്നു ബംഗളൂരുവിലേക്കുള്ള വിമാനയാത്രയിലായിരുന്നു.
ആകാശത്തുവച്ച് ഒരു യൂറോപ്യൻ വയോധികൻ കുഴഞ്ഞുവീണപ്പോൾ കാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തിന്റെ സഹായം തേടി. ഒരു നഴ്സും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. വയോധികന്റെ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചുപോയിരുന്നു.
ഉടൻ തന്നെ വിമാനത്തിലെ എമർജൻസി ഹെൽത്ത് കിറ്റും ഓക്സിജൻ ടാങ്കും ഉപയോഗിച്ച് ഡോക്ടർ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്കി. രണ്ടുമണിക്കൂറുകൾക്കു ശേഷം അദ്ദേഹത്തിനു ബോധം തെളിഞ്ഞു. സംസാരിക്കാനും ജ്യൂസ് കുടിക്കാനും തുടങ്ങി. ബംഗളൂരുവിൽ വിമാനമിറങ്ങുന്നതു വരെ അദ്ദേഹം പ്രത്യേക പരിചരണത്തിലായിരുന്നു. പിന്നീട് വിശദപരിശോധനയ്ക്കായി അദ്ദേഹത്തെ വിമാനത്താവളത്തിലെ ക്ലിനിക്കിലേക്ക് മാറ്റി.
അടിയന്തരഘട്ടത്തിൽ രോഗിയുടെ ജീവൻ രക്ഷിച്ച ഡോ. പ്രഭുലിംഗസ്വാമിയോട് വിമാനത്തിന്റെ ക്യാപ്റ്റൻ നന്ദിപറഞ്ഞു. പിറ്റേന്ന് എയർഫ്രാൻസ് പാസഞ്ചർ മെഡിക്കൽ സർവീസിന്റെ പേരിൽ കൃതജ്ഞതാസന്ദേശവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം എയർഫ്രാൻസ് കമ്പനി അദ്ദേഹത്തിന് 100 യൂറോയുടെ വൗച്ചർ സമ്മാനമായി അയച്ചുനല്‍കിയത്. തന്റെ കടമയാണ് താൻ ചെയ്തതെന്നാണ് ഡോ. പ്രഭുലിംഗസ്വാമി പ്രതികരിച്ചത്.