കൽപ്പറ്റ: ബിവറേജസും മദ്യശാലകളും പൂട്ടിക്കിടക്കുന്നതുകൊണ്ട് മദ്യം കിട്ടാതെ ചിലർ മരിക്കാൻ ഇടയാകുന്നു എന്നും പരിഹാരമായി ഡോക്ടർമാരോട് മരുന്നു ചീട്ട് എഴുതുന്നത് പോലെ ‘ഇന്നയാൾക്ക് മദ്യം കൊടുക്കുക’ എന്ന് എഴുതി കൊടുക്കുവാൻ ചില ഉന്നതങ്ങളിൽ നിന്ന് കൽപ്പന ഉണ്ടായതുപോലെ വാർത്ത കണ്ടു. ‘വളരെ വിചിത്രം’. സമൂഹത്തിന്റെ മദ്യാസക്തി ഇതുപോലെ വർധിച്ചിട്ടുണ്ടെങ്കിൽ ‘കോവിഡിനേക്കാൾ ഭയാനകം’ തന്നെ.
മാനന്തവാടി ബിവറേജസ് തുറന്നപ്പോൾത്തന്നെ അതിനു സമീപം മരിച്ചനിലയിൽ അജ്ഞാതനെ കണ്ടെത്തിയെന്ന് ഇതിനുമുൻപ് വാർത്ത വന്നിട്ടുള്ളതാണ്.
മദ്യപാനാസക്തിയും മയക്കുമരുന്നുപയോഗവും ഇതുപോലെ വളർന്നിട്ടുണ്ടെങ്കിൽ ഭരണാധികാരികൾ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു. ‘മദ്യം മരുന്നല്ല വിഷമാണ്’ എന്ന് കേരളത്തിന്റെ ഗുരുനാഥൻ ഓർമിപ്പിച്ചിട്ടുള്ളതാണ്. വിഷമാണോ ഡോക്ടർമാർ എഴുതിക്കൊടുക്കേണ്ടത് ?
30 വർഷത്തിലധികം വയനാട്ടിൽ ലഹരിവിരുദ്ധ രംഗത്ത് പ്രവർത്തിക്കുന്ന ഫാ. മാത്യു കാട്ടറാത്താണ് (പ്രസിഡന്റ്-ഗാന്ധിദർശൻ വേദി, മുൻ പ്രസിഡണന്റ്-നവചൈതന്യ വയനാട്) ഇതെഴുതുന്നത്. അമിതമദ്യപാനികൾക്കുവേണ്ടി ക്യാന്പുകൾ സംഘടിപ്പിച്ച് അവരെ രക്ഷിച്ച അനുഭവവുമുണ്ട്.
ഗ്ലൂക്കോസും വൈറ്റമിൻ ഗുളികകളും നൽകി അവരുടെ വിത്ഡ്രോവൽ സിംപ്റ്റംസ് പരിഹരിക്കാവുന്നതാണ്. തലേദിവസം അമിതമായി മദ്യപിച്ച് വീട്ടിൽ വന്നു കിടക്കുന്നയാളിന് കൊഴുത്ത കഞ്ഞി വെള്ളം കൊടുത്ത് എഴുന്നേൽപ്പിക്കുന്നതും കണ്ടിട്ടുണ്ട്.
ഇന്നത്തെ സാഹചര്യം മുതലെടുത്ത് മദ്യപാനികളെ അവർ എത്തിപ്പെട്ടിരിക്കുന്ന ഈ മഹാവിപത്തിൽ നിന്നും മോചിപ്പിക്കുവാൻ അധികൃതർ ശ്രദ്ധിക്കട്ടെ.