കോട്ടയം: ആതുരസേവനത്തിനിറങ്ങിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും തുടര്‍ച്ചയാണ് കുറുപ്പന്തറ സ്വദേശിനി ഡോ. വന്ദന. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഒട്ടും സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നത്.
അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലുമായി എത്തുന്ന രോഗികളുടെയും കൂടെയുള്ളവരുടെയും അക്രമത്തിനും ഭീഷണിക്കും പലപ്പോഴും ഡോക്ടര്‍മാരും നഴ്സുമാരും വിധേയരാകാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ പേരിനു മാത്രമാണുള്ളത്.
ഇതുകൂടാതെ കുറെ സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ഇവരുടെ നാമമാത്രമായ സുരക്ഷയിലാണ് ജീവന് പണയം വച്ചും ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത്.
സകല അടിപിടി, ക്രിമിനല്‍ കേസുകളിലെയും പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിക്കുന്നത് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലാണ്.
കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെയും കൊടും ക്രിമിനലുകളെയും യാതൊരു സുരക്ഷയുമില്ലാതെയാണ് പരിശോധിക്കുന്നതും മുറിവുകള്‍ തുന്നിക്കെട്ടുന്നതും മരുന്നുകള്‍ നല്കുന്നതുമെല്ലാം.
ചെറുതും വലുതുമായ നിരവധി അക്രമസംഭവങ്ങള്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ജില്ലയിലെ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറാകുമോ?
ക്രിമിനലുകള്‍ ചികിത്സ തേടിയെത്തിയാല്‍ പോര്‍വിളി ആരോഗ്യ പ്രവര്‍ത്തകരോട്
ചികിത്സ തേടി എത്തുന്നവരിലെ ക്രിമിനലുകൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നത് തുടര്‍ക്കഥയാവുകയാണ്. രണ്ടു മാസം മുമ്പാണ് പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരേ ആക്രമണമുണ്ടായത്.
രണ്ടു രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ട പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ആളിനു ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡോക്ടറെയും നഴ്സിനെയും കൈയേറ്റം ചെയ്തത്.
രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് ഡ്യൂട്ടി ഡോക്ടര്‍ക്കെതിരേ ആക്രമണമുണ്ടായത്. തടയാന്‍ എത്തിയ സെക്യൂരിറ്റിക്കും മര്‍ദനമേറ്റിരുന്നു. ഇരു പാർട്ടിയുടെയും ഉന്നത നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
ജില്ലാ ജനറൽ ആശുപത്രിയിലും അടിപിടി കേസുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവര്‍ തമ്മില്‍ സംഘര്‍ഷവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണവും ഉണ്ടായി.
ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പോലീസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റി വിഭാഗവും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പലയിടത്തും നാമമാത്രമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണുള്ളത്.
ഉച്ചയോടെ ഒപി കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാഷ്വാലിറ്റി വിഭാഗമാണ് ഉണ്ടാവുക. ഇവിടെ ഒരു ഡ്യൂട്ടി ഡോക്ടറും നഴ്സും നഴ്സിംഗ് അസിസ്റ്റന്റും മാത്രമാണ് കാണുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും അടിപിടി കേസുകളില്‍ പെട്ടവരും സംഘട്ടനങ്ങളിലും വാഹനാപകടങ്ങളിലും പരിക്കേറ്റവരും ലഹരിക്കഗ് അടിമകളായവരും പോലീസ് പിടിച്ചുകൊണ്ടു വരുന്നവരുമായിരിക്കും.
സംഘര്‍ഷത്തെത്തുടർന്ന് ഇരു വിഭാഗവും ഒരേസമയം ആശുപത്രിയില്‍ എത്തുകയും അവിടെ വച്ചു പോര്‍വിളി നടത്തി വീണ്ടും അടിപിടിയും കൂട്ടത്തല്ലും നടത്തുകയും തടയാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.
സെക്യൂരിറ്റി സംവിധാനം ദുര്‍ബലം
സര്‍ക്കാര്‍ ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം വളരെ ദുര്‍ബലമാണ്. ഇവരെ നിയമിക്കുന്നത് അതാത് ആശുപത്രി വികസനസമിതികളാണ്.
ആശുപത്രി വരുമാനത്തില്‍നിന്നും ഇവരുടെ ശമ്പളം കണ്ടെത്തേണ്ടതിനാല്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ പേരെ ഒരു ഭാഗത്ത് നിയമിക്കുവാനും സാമ്പത്തിക പരിമിതികളുണ്ട്. നിയമിക്കപ്പെടുന്ന സെക്യൂരിറ്റികളാകട്ടെ ജോലികളില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളുകളാണ്.
നല്ല ആരോഗ്യമുള്ളവരെ പിടിച്ചുമാറ്റാന്പോലും പല സെക്യൂരിറ്റികള്‍ക്കും സാധിക്കുന്നില്ല, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുവാന്‍ കര്‍ശന നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാവണമെന്ന് പാലാ ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം ജയ്സണ്‍ മാന്തോട്ടം ദീപികയോടു പറഞ്ഞു.
ക്രിമിനലുകള്‍ക്ക് പരിശോധനയും ചികിത്സയും നൽകുന്ന സാഹചര്യങ്ങളില്‍ സുരക്ഷാ വിഭാഗത്തിന്റെ സാമീപ്യം ഉറപ്പുവരുത്തണം.പാലാ ജനറൽ ആശുപത്രിപോലെ വിവിധ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ആശുപത്രികളിൽ രാത്രി ഡ്യൂട്ടി ചെയ്യുന്ന സൂപ്പർവൈസറി പോസ്റ്റിലുള്ള വനിതാ ജീവനക്കാർ ഓരോ കെട്ടിടത്തിലേക്കും എത്തുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലൂടെയാണ്.
അനിഷ്ട സംഭവങ്ങളുണ്ടാകാതെ രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടു മാത്രമാണെന്ന് ജീവനക്കാർ പറയുന്നു. ആവശ്യത്തിനു സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചാൽ ഇതിനു പരിഹാരമാകുമെങ്കിലും അധികൃതർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.