ബുഡൗൺ: പോസ്റ്റ്മോർട്ടത്തിനിടെ യുവതിയുടെ മൃതദേഹത്തിൽ നിന്ന് കണ്ണുകൾ നീക്കം ചെയ്ത ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ ഡോ. എം.ഡി. ആരിഫിനെയും ഡോ. എം.ഡി. ഒവൈസിനെയും സിവിൽ ലൈൻ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ മുജാരിയ ഏരിയയിലെ റസൂല ഗ്രാമത്തിലെ ഭർതൃവീട്ടിൽ നിന്നാണ് പൂജയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയെന്നാണ് പൂജയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്.
മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് അയച്ചു. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തപ്പോൾ കണ്ണുകൾ നീക്കം ചെയ്തതായി കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ കണ്ണുകൾ നീക്കം ചെയ്തതായി ഇവർ ആരോപിച്ചു.
കുടുംബത്തിന്റെ ആരോപണങ്ങൾ കണക്കിലെടുത്ത് രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടത്തി കണ്ണുകൾ നഷ്ടപ്പെട്ടതായി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) മനോജ് കുമാർ പറഞ്ഞു. പിന്നാലെ പൂജയുടെ സഹോദരൻ രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആദ്യ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിനെതിരെ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ഡോ എംഡി ആരിഫും ഡോ എം ഡി ഒവൈസും കുറ്റക്കാരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) മുഹമ്മദ് സാജിദിന്റെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
പോസ്റ്റ്മോർട്ടം നടത്തിയ മറ്റ് ചില ജീവനക്കാരുടെ പങ്കും പുറത്തുവന്നിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.