വയറ്റില് കത്രികയുമായി ഹര്ഷിന കഴിഞ്ഞത് നീണ്ട അഞ്ചുവര്ഷം. പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്മാര് വയറ്റിനുള്ളില് മറന്നുവെച്ച കത്രികയാണ് ഹര്ഷിനയെ വര്ഷങ്ങളോളം കൊടുംവേദന അനുഭവിപ്പിച്ചത്.
30കാരിയുടെ മൂത്രസഞ്ചിയില് കുത്തിനില്ക്കുന്ന നിലയില് സ്കാനിംഗില് കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയില്വച്ചുതന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തു.
പന്തീരാങ്കാവ് മലയില്ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്ഷിനയ്ക്ക് 2017 നവംബര് 30നായിരുന്നു കോഴിക്കോട് മെഡിക്കല് കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില് പ്രസവ ശസ്തക്രിയ നടത്തിയത്.
12 സെന്റി മീറ്റര് നീളവും 6 സെന്റി മീറ്റര് വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയില് കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി.
പ്രസവശസ്ത്രക്രിയക്ക് ശേഷം ഹര്ഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്ന്നു സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാന് പരിശോധനയില് കത്രിക കണ്ടെത്തിയത്.
തുടര്ന്ന് സെപ്റ്റംബര് 14ന് മെഡിക്കല് കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില് ചികിത്സ തേടി. ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിസ്റ്റ് ഡോ. സജല വിമല്രാജ്, യൂറോളജിസ്റ്റ് ഡോ. മണികണ്ഠന് എന്നിവരുടെ നേതൃത്വത്തില് ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയുടെ വേദനയാണെന്നാണ് ആദ്യം കരുതിയത്. ഇടയ്ക്കിടെ വേദന, പനി, തളര്ച്ച, ക്ഷീണം, എഴുന്നേറ്റ് നടക്കാന് കഴിയാത്ത അവസ്ഥയൊക്കെയായിരുന്നു. മൂത്രത്തില് അണുബാധ വന്നപ്പോള് ഡോക്ടര്മാരെ മാറിമാറി കാണിച്ചുവെന്ന് ഹര്ഷിന പറയുന്നു.
ഒടുവില് സ്വകാര്യ ആശുപത്രിയില് പോയി സ്കാന് ചെയ്തു. ആദ്യം മൂത്രത്തില് കല്ലാണ് എന്നാണു വിചാരിച്ചത്. പിന്നീട് ഡോക്ടര്ക്കു സംശയം തോന്നിയാണ് സി ടി സ്കാന് ചെയ്തത്. 25 വയസ്സ് മുതല് അനുഭവിച്ച ഈ ദുരിതത്തിന് നഷ്ടപരിഹാരം ആരോഗ്യവകുപ്പ് നല്കിയേ പറ്റുവെന്നാണ് ഹര്ഷിന പറയുന്നത്.
സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹര്ഷിനയുടെ പരാതിയില് ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി, പ്ലാസ്റ്റിക് സര്ജറി വിഭാഗം മേധാവി, സര്ജറി വിഭാഗം പ്രൊഫസര് എന്നിവരടങ്ങിയ 3 അംഗ സമിതി അന്വേഷണം നടത്തുന്നതായി പ്രിന്സിപ്പല് ഡോ. ഇ വി ഗോപി പറഞ്ഞു.
ഇവര്ക്ക് നേരത്തേ രണ്ട് സ്വകാര്യ ആശുപത്രികളില് പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നതായും പ്രിന്സിപ്പല് പറഞ്ഞു.