ശരീരത്തെയോ മനസിനെയോ ബാധിക്കുന്ന ഏതു രോഗമായാലും തുടക്കത്തിലേ കൃത്യമായ ചികിത്സ നൽകിയാൽ വേഗം സുഖം ലഭിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ പ്രശ്നം വഷളാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട.
എല്ലാവരും ചെറിയതോതിലെങ്കിലും മനസിന്റെ താളംതെറ്റൽ ഉള്ളവരാണെന്നാണു മനഃശാസ്ത്രത്തിന്റെ കണ്ടെത്തൽ. ഇവയിൽ ചില “തെറ്റ’ലുകൾ ജീവിതത്തിന്റെ താളം വല്ലാതെ മാറ്റിമറിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിന് തീർച്ചയായും ചികിത്സ വേണം.
ഡോക്ടറെ അടിക്കടി മാറി പരീക്ഷിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികനിലയുള്ള ചിലരുണ്ട്. ഇല്ലാത്തതും ഉള്ളതുമായ സ്വന്തം രോഗത്തെക്കുറിച്ച് അമിതമായി ചിന്തിച്ചു കൂട്ടി ചികിത്സയ്ക്കായി മാത്രം ജീവിതം മാറ്റിവയ്ക്കുന്ന ഇത്തരക്കാർ ഒരു പ്രത്യേക മാനസികരോഗാവസ്ഥയിലുള്ളവരാണ്. ഉറ്റവരുടെ വേർപാടുകൾപോലെ മനസിനെ പിടിച്ചുലച്ച ചില സംഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും ഇവരിൽ പലരും.
ഗുരുതരരോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ വലിയരോഗം പിടിപെട്ടേക്കാം എന്ന അനാവശ്യ ഉത്കണ്ഠ, അതുമല്ലെങ്കിൽ ശരീരത്തിലെ പ്രത്യേക അവയവത്തെയോ ഭാഗത്തെയോക്കുറിച്ചുള്ള രോഗ ചിന്തകൾ തുടങ്ങിയവ ഇവരെ അലട്ടിക്കൊണ്ടിരിക്കും. പ്രശ്നങ്ങൾ അത്ര ഗുരുതരമല്ലെന്നു ഡോക്ടർ പറഞ്ഞാലും ഇത്തരക്കാർക്ക് വിശ്വാസം വരില്ല. ഗുരുതരമായ പ്രശ്നം തങ്ങൾക്കുണ്ടെന്നു പറയുന്ന ഡോക്ടറെ തേടി ഇവർ നടക്കും. ഇത്തരക്കാർ പറ്റിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
ഹൈപ്പോകോൺടിയാസിസ് അല്ലെങ്കിൽ സൊമാറ്റിക് സിൻഡ്രം ഡിസ്ഓർഡർ എന്നിങ്ങനെയുള്ള മാനസികാവസ്ഥയിലുള്ള ഇവരെ ഭരിക്കുന്നത് അമിതമായ ഉത്കണ്ഠയാണ്. അവർ ഇക്കാര്യം തിരിച്ചറിയാറില്ല.
എന്നാൽ ഇവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവരെ സഹായിക്കാൻ കഴിയും. രോഗത്തിന്റെ കാര്യത്തിൽ “സെക്കൻഡ് ഒപ്പീനിയൻ’ എപ്പോഴും നല്ലതാണെങ്കിലും ഒരു ഡോക്ടറെയും വിശ്വാസത്തിലെടുക്കാതെ അടിക്കടി മാറിയുള്ള പരീക്ഷണം അത്ര നല്ലതല്ല.
ജോസി ജോസഫ്
കൗൺസലിംഗ്, എഡ്യൂക്കേഷൻ സ്പെഷലിസ്റ്റ്, വെൽനസ് ജി സെന്റർ, കൂത്തുപറമ്പ്, ഫോൺ: 9446848191.