നാവില് ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയില് എത്തിച്ച രണ്ടര വയസുകാരന് ഡോക്ടര് സുന്നത്ത് നടത്തിയതായി പരാതി. ഉത്തര്പ്രദേശിലെ ബറേലിയിലാണ് സംഭവം.
വീട്ടുകാരുടെ പരാതിയില് എം ഖാന് ആശുപത്രിയില് അന്വേഷണം നടത്തുന്നതിന് ഉത്തര്പ്രദേശ് സര്ക്കാര് ആരോഗ്യവകുപ്പിലെ ഉന്നതതല സംഘത്തെ അയച്ചു.
ആരോപണങ്ങളില് വസ്തുത ഉണ്ടെന്ന് കണ്ടാല് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മുന്നറിയിപ്പ് നല്കി. ആരോഗ്യവകുപ്പിന്റെ ചുമതല ബ്രജേഷ് പഥക്കിനാണ്.
സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞിനെ ചികിത്സയ്ക്കായാണ് എം ഖാന് ആശുപത്രിയില് എത്തിച്ചത്.
സംസാരശേഷി പൂര്ണമായി തിരിച്ചുകിട്ടുന്നതിന് നാവില് ശസ്ത്രക്രിയയാണ് ഡോക്ടര്മാര് നിര്ദേശിച്ചത്.
നാവില് ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടര് കുഞ്ഞിന് സുന്നത്ത് നടത്തിയെന്നാണ് വീട്ടുകാരുടെ പരാതിയില് പറയുന്നത്.
അന്വേഷണത്തില് പിഴവ് സംഭവിച്ചതായി കണ്ടെത്തിയാല് കുറ്റക്കാരനായ ഡോക്ടര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് ഉത്തരവിടുമെന്നും ബ്രജേഷ് പഥക് പറഞ്ഞു.
അന്വേഷണത്തില് പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയാല് ആശുപത്രി പൂട്ടുന്നത് ഉള്പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം സൂചന നല്കി.