വീട്ടുമുറ്റത്തു വന്ന അണലിയെ കൊന്ന് വീട്ടുകാരെ രക്ഷിച്ച നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ഡോക്ടര്‍മാര്‍.
ആക്രമണത്തിനിടെ മുഖത്ത് കടിയേറ്റ നായ്ക്കുട്ടിയെ ആറു ഡോസ് ആന്റിസീറം കുത്തിവച്ചാണ് ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്.
മൂന്നു വയസുള്ള സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയാണ് സിനിമയിലെ ഹീറോകളെപ്പോലെ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
രാവിലെ ബഹളം കേട്ട് ഉടമയെത്തിയപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് നായ അണലിയെ കൊന്നിട്ടിരിക്കുന്ന കാഴ്ചയായിരുന്നു.
പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയ പത്തുമണിയോടെ ഉടമ ആറ്റിങ്ങല്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ചു.
അണലിയുടെ കടിയേറ്റാല്‍ രക്തം കട്ടപിടിക്കില്ല. അതുകൊണ്ടുതന്നെ മുഖത്തെ മുറിവില്‍നിന്ന് രക്തം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.
മനുഷ്യരില്‍ ഉപയോഗിക്കുന്ന ആന്റിവെനം ഉടന്‍തന്നെ നല്കി. രണ്ടു വയല്‍ ആന്റിവെനം ഒറ്റത്തവണ നല്കുന്ന രീതിയില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് മൂന്നു തവണ ആന്റിവെനം നല്കി.
ഓരോ തവണ മരുന്നു നല്കുമ്പോഴും രക്തം കട്ടയാകാനെടുക്കുന്ന സമയം പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പാമ്പിന്റെ കടിയേറ്റാല്‍ സാധാരണ സ്വീകരിക്കുന്ന ചികിത്സാ പ്രോട്ടോകോളില്‍ രക്തം കട്ടയാകാനെടുക്കുന്ന സമയം (WBCT-Whole Blood Clotting Time) പരിശോധിക്കേണ്ടതുണ്ട്.
രക്തം കട്ട പിടിക്കുന്നതിന് 20 മിനിറ്റില്‍ കൂടുതല്‍ സമയം എടുത്താല്‍ അത് ഗുരുതരമാണ്. സാധാരണ രക്തം 67 മിനിറ്റില്‍ കട്ടയാകേണ്ടതാണ്.
അണലിയുടെ കടിയേറ്റാല്‍ ഇതിന് 20 മിനിറ്റില്‍ കൂടുതല്‍ വരാം. ആറു വയല്‍ ആന്റിവെനം നല്‍കിയതോടെ രക്തം സാധാരണ രീതിയില്‍ കട്ടപിടിക്കാന്‍ തുടങ്ങി.
അതോടെ മറ്റു മരുന്നുകള്‍ തുടങ്ങി. രക്തം പരിശോധിച്ച് ക്രിയാറ്റിന്‍ നില സാധാരണയായി എന്ന് ഉറപ്പിച്ചശേഷമാണ് നായയെ ഡിസ്ചാര്‍ജ് ചെയ്തത്.
ആന്റിവെനം ഒരു വയലിന് 650 രൂപയോളം വിലയുണ്ട്. നാലു വയല്‍ ആശുപത്രിയിലുണ്ടായിരുന്നു. അവസാന രണ്ടു ഡോസ് മാത്രമാണ് ഉടമയ്ക്ക് പുറമേനിന്ന് വാങ്ങേണ്ടിവന്നത്.
ഡോ. സി.ജെ. നിതിന്‍, ഡോ. അഞ്ജിത, ഇന്റേണ്‍ഷിപ് വിദ്യാര്‍ഥികളായ ഡോ. ഭാഗ്യ ഉണ്ണിത്താന്, ഡോ. എസ്.അനവദ്യ, ഡോ. റോഹിന് എന്നിവരടങ്ങിയ സംഘമാണ് ചികിത്സിച്ചത്.