തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത മെഡിക്കൽ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യാശുപത്രികളിലെയും ഡോക്ടർമാർ പണിമുടക്കിൽ പങ്കുചേർന്നതോടെ രോഗികൾ വലഞ്ഞു.
ഇന്ന് രാവിലെ ആറ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം ഒരു മണിക്കൂറായി ചുരുക്കി. രാവിലെ ഒൻപത് മണി മുതൽ പത്ത് മണിവരെയാണ് ഡോക്ടർമാർ ഒപി. ബഹിഷ്കരിച്ചത്. ഡോക്ടർമാരുടെ പണിമുടക്ക് അറിയാതെ ജനറൽ ആശുപത്രികളിലും താലുക്കാശുപത്രികളിലും രാവിലെ മുതൽ എത്തിയ രോഗികൾ ഏറെ വലഞ്ഞു.
അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ അഭാവം അത്യാഹിത വിഭാഗത്തെയും വലച്ചു. സർക്കാർ ആശുപത്രികളിലെയും സ്വകാര്യാശുപത്രികളിലെയും ശസ്ത്രക്രിയകൾ പലതും മാറ്റി വച്ചിരിക്കുകയാണ്.
മുപ്പതിനായിരത്തിൽപരം ഡോക്ടർമാരാണ് ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്നത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ പണിമുടക്ക്. കെജിഎംഒയും ഇന്നത്തെ പണിമുടക്കിൽ പങ്ക് ചേരുന്നു. ഒപി ബഹിഷ്കരണത്തിന് ശേഷം ഡോക്ടർമാർ രാവിലെ പതിനൊന്നിന് രാജ്ഭവൻ മാർച്ചും നടത്തുന്നുണ്ട്.