തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ പണിമുടക്കിൽ വെട്ടിലായത് ജനം. ആശുപത്രികളിൽ ഒപി പ്രവർത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി സമരം പ്രഖ്യാപിച്ചതിനാൽ ഈ വിവരം അറിയാതെ മിക്കവരും ആശുപത്രിയിൽ എത്തി. ഇതേതുടർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിയവർ പോലും കുടുങ്ങി.
മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരാണ് പണിമുടക്കുന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കും.ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽനിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.
ജോലിക്കു ഹാജരാകാത്ത ഡോക്ടർമാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പു നൽകി. സർക്കാരിന്റെ ആർദ്രം പദ്ധതി തകർക്കാനുള്ള ശ്രമമാണു ഡോക്ടർമാരുടെ സമരത്തിനു പിന്നിലെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.