ഫിറോസാബാദ്: മൊബൈൽ ഫോണ് വെളിച്ചത്തിൽ രോഗിയുടെ മുറിവു തുന്നിക്കെട്ടി ഡോക്ടർ. സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥയ്ക്കു കുപ്രസിദ്ധി നേടിയ ഉത്തർപ്രദേശിൽ തന്നെയാണു സംഭവം.
ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹബാദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ മുറിവ്, മൊബൈൽ ഫോണ് ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ തുന്നിക്കെട്ടുന്ന ഡോക്ടറുടെ ചിത്രം പുറത്തുവന്നു. റോഡ് അപകടത്തിൽ പരിക്കേറ്റയാളുടെ മുറിവാണു ഡോക്ടർ ഇത്തരത്തിൽ തുന്നിക്കെട്ടിയത്. കഴിഞ്ഞ ആഴ്ചയാണു സംഭവം നടന്നതെന്നാണു സൂചന.
വൈദ്യുതി നിലച്ചതോടെയാണ് ഈ ദുരവസ്ഥ സംജാതമായതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻവേർട്ടർ ഉൾപ്പെടെ, വൈദ്യുതിക്കായുള്ള മറ്റു സംവിധാനങ്ങൾ പ്രവർത്തന രഹിതമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റു മാർഗങ്ങളില്ലാതെയാണു മൊബൈൽ ഫോണ് വെളിച്ചത്തിൽ രോഗിയെ ചികിത്സിക്കേണ്ടിവന്നതെന്ന് അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അഭിഷേക് പറഞ്ഞു. വൈദ്യുതി മുടക്കം പതിവാണെന്നും ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ വെളിച്ചത്തിലാണു തങ്ങൾ ചികിത്സ നടത്താറുള്ളതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.