കണ്ണൂർ: ആതുര സേവനത്തിന്റെ ആത്മസമർപ്പണത്തിനൊപ്പം കോവിഡ് ബോധവത്കരണവുമായി കണ്ണൂരിലെ ഒരുകൂട്ടം വനിതാഡോക്ടർമാർ.
കോവിഡ് ചികിത്സാ രംഗത്തെ അനുഭവങ്ങൾ ചേർത്തുവച്ച് വനിതാ ഡോക്ടർമാർ നടത്തിയ വേറിട്ട ബോധവത്കരണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗം.
സമൂഹം പാലിക്കേണ്ടുന്ന ജാഗ്രതാ നിർദേശങ്ങളുടെ ചുവടുകളുമായുള്ള നൃത്തം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്നൊരുക്കിയ വീഡിയോയിൽ ആറു വനിതാ ഡോക്ടർമാരാണ് നൃത്തച്ചുവടുകളുമായെത്തുന്നത്.
മോറാഴ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, ജില്ലാ ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. മൃദുല, ഇഎൻടി വിഭാഗത്തിലെ ഡോ. അഞ്ചു. കല്ല്യാശേരി എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ.ഭാവന, വളപട്ടണം എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്റിസ്റ്റ് ഡോ. രാഖി എന്നിവരാണ് വീഡിയോയിലുള്ളത്.
വനിതാ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘ജ്വാല’യിലെ അംഗങ്ങളാണിവർ. ഡോ. എ. എസ് പ്രശാന്ത്കുമാറാണ് ഗാനമാലപിച്ചിരിക്കുന്നത്.
‘അലയടിക്കുന്നു മഹാമാരിമേൽക്കുമേൽ കരുതലെല്ലാരും മറന്നതെന്തേയെന്ന് ആരംഭിക്കുന്ന ഗാനത്തിൽ ജനങ്ങൾ പാലിക്കേണ്ടുന്ന ജാഗ്രതാ നിർദേശങ്ങളെല്ലാം ഉൾക്കൊളളിച്ചിട്ടുണ്ട്. പാട്ടിനനുസരിച്ച് ലാസ്യ ലയഭാവങ്ങളോടെ ഡോക്ടർമാരും ചുവടുവച്ചിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർ കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ടെങ്കിലും ജനങ്ങൾ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പറഞ്ഞാണ് നടക്കുന്നത്.
ആദ്യഘട്ടത്തിൽ കോവിഡ് വാക്സിനെടുക്കാൻ ജനങ്ങൾ ഒരു വിമുഖത കാണിച്ചിട്ടുണ്ടായിരുന്നു. എടുത്തവരാകട്ടെ ജാഗ്രതയില്ലാതെയാണ് നടന്നത്.
ഈ സാഹചര്യത്തിൽ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ ജാഗ്രതാ നിർദേശം എത്തിക്കാൻ എന്താണ് എളുപ്പവഴിയെന്ന് ആലോചിച്ചപ്പോഴാണ് കെജിഎംഒയുടെ വിമൺസ് വിംഗിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു നൃത്താവിഷ്കാരം നടത്താമെന്ന് തീരുമാനിച്ചതെന്ന് ഡോ.മൃദുല പറഞ്ഞു.
വിമൺസ് വിംഗിൽ നിന്ന് ആറ് ഡോക്ടർമാരെ തെരഞ്ഞെടുക്കുകയും ചെയ്തു. മാർച്ച് അവസാനമായിരുന്നു തീരുമാനമായത്. എന്നാൽ പെട്ടെന്നുള്ള കോവിഡ് വ്യാപനം മൂലം ശരിയായ രീതിയിൽ പരിശീലനം ഒന്നും നടത്താൻ കഴിഞ്ഞില്ല.
ഡ്യൂട്ടിയുടെ ഒഴിവ് സമയങ്ങളിൽ പരിശീലിച്ചും വാട്സ് ആപ്പിൽ കൂടെ വീഡിയോ അയച്ച് നൽകിയുമാണ് പരിശീലനം പൂർത്തീകരിച്ചത്.
അഞ്ചു ദിവസം കൊണ്ടാണ് ചിത്രീകരണവും എഡിറ്റിംഗും പൂർത്തീകരിച്ചതെന്നും ഡോ. മൃദുല പറഞ്ഞു.