സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയെയും ഭർത്താവിനേയും അധിക്ഷേപിച്ച ഡോക്ടറെ ആശുപത്രിയിൽനിന്ന് പുറത്താക്കി.
കാലു വേദനയുമായി തൃശൂർ ദയ ആശുപത്രിയിലെ ഡോക്ടറെ കാണാൻ പോയ ആരോഗ്യവകുപ്പ് ജീവനക്കാരിയായ രോഗിയോടും ഭർത്താവിനോടുമാണ് തൃശൂർ പെരിങ്ങാവ് ദയ ആശുപത്രിയിലെ വാസ്കുലർ സർജറി വിഭാഗത്തിലെ കണ്സൾട്ടന്റ് ഡോ. റോയ് വർഗീസ് അപമാനകരമായി പെരുമാറിയതും പരിഹസിക്കുന്നവിധം കുറിപ്പടിയെഴുതിക്കൊടുത്തതും.
വേദന മാറാൻ വിശ്രമിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഭാര്യയുടെ വേദന കണ്ടുനിൽക്കാൻ കഴിയില്ലെങ്കിൽ ഭർത്താവിനോടു ബാറിൽ പോയി രണ്ടെണ്ണം വീശാനും ഉപദേശിച്ചത്രെ. ഇതേ കാര്യങ്ങൾ കുറിപ്പടിയായി എഴുതിക്കൊടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാവിലെയാണ് ഗുരുവായൂർ മമ്മിയൂർ സ്വദേശി കോക്കൂർ വീട്ടിൽ അനിൽകുമാർ ഭാര്യ പ്രിയ(44)ക്കൊപ്പം ദയ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. വടക്കേകാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ് പ്രിയ.
വേദന സഹിക്കാൻ വയ്യെന്നു പറഞ്ഞപ്പോൾ ഡോക്ടർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. റിപ്പോർട്ടുമായി ചെന്നപ്പോൾ എക്സ്റേ ഉയർത്തിക്കാണിച്ച് അനിൽകുമാറിനോട് ഇതു കണ്ട് വല്ലതും മനസിലായോ എന്ന് ഡോക്ടർ ചോദിച്ചത്രെ.
ഇല്ലെന്ന് അനിൽകുമാർ മറുപടി നൽകിയപ്പോൾ കാലിൽ നീർക്കെട്ടുണ്ടെന്നും ഇത് തനിക്ക് പരിഹരിക്കാൻ പറ്റില്ലെന്നും വേറെ ഡോക്ടറെ കാണണമെന്നും ഫിസിയോ തെറാപ്പി ചെയ്യുന്നത് നന്നായിരിക്കുമെന്നും ഡോ. റോയ് വർഗീസ് പറഞ്ഞു.
റെസ്റ്റ് എടുക്കണോ എന്ന് രോഗി ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നുകൊള്ളൂ എന്നുമായിരുന്നു പരിഹാസ രൂപത്തിൽ ഡോക്ടർ പറഞ്ഞതെന്നും അനിൽകുമാറും പ്രിയയും ആരോപിച്ചു.
ഭാര്യയ്ക്ക് കഠിനമായ വേദനയുണ്ടെന്നും എന്തെങ്കിലും മരുന്നെഴുതിത്തരണമെന്നും അനിൽകുമാർ പറഞ്ഞപ്പോഴാണ് ഭാര്യയുടെ വേദന ഇത്രമാത്രം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ബാറിൽ പോയി രണ്ടെണ്ണമടിച്ചാൽ വേദനയറിയില്ലെന്നു ഡോക്ടർ പരിഹസിച്ചതത്രേ.
തുടർന്ന് ഡോക്ടർ പ്രിസ്ക്രിപ്ഷൻ പാഡിൽ എന്തോ എഴുതുകയും ചെയ്തു. അനിൽകുമാർ ആശുപത്രിയിൽ തന്നെയുള്ള ഫാർമസിയിൽ ഈ പ്രിസ്ക്രിപ്ഷൻ കൊണ്ടു ചെന്നപ്പോൾ അവിടെയുള്ളവർ പരസ്പരം നോക്കി ചിരിക്കുകയായിരുന്നു.
പിന്നീട് മറ്റൊരു മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോഴാണ് ഡോക്ടർ എഴുതി നൽകിയത് പരിഹാസമാണെന്നു മനസിലായത്.
നോ റെസ്റ്റ് ഫോർ ബെഡ്. കെട്ടിയോൻ വിസിറ്റ് ടു ബാർ ഈഫ് എനി പ്രോബ്ലം എന്നായിരുന്നു പ്രിസ്ക്രിപ്ഷൻ കടലാസിൽ കുറിച്ചിരുന്നത്.
എന്നാൽ രോഗിയുടെ പേരോ വയസോ ഈ കടലാസിൽ രേഖപ്പെടുത്തിയിരുന്നില്ല. ഡോക്ടറുടെ അധിക്ഷേപകരമായ പെരുമാറ്റവും തങ്ങളെ പരിഹസിക്കുന്ന തരത്തിൽ പ്രിസ്ക്രിപ്ഷനിൽ ഇങ്ങനെ എഴുതിയതും മാനസിക വിഷമമുണ്ടാക്കിയതായി ദന്പതികൾ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
സംഭവം വിവാദമായതോടെ ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. നേരിട്ടു പരാതി ലഭിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിലൂടെ ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് ആരോപണവിധേയനായ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും വിശദീകരണവും മറുപടിയും തൃപ്തികരമല്ലാത്തതിനാൽ ഡോക്ടറുടെ സേവനം നിർത്തിയെന്നും ദയ ആശുപത്രി അധികൃതർ അറിയിച്ചു. ഈ ഡോക്ടർക്കെതിരെ മുന്പും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.