സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡിന്റെ തുടക്കത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആരോപണം.
നിപയെ പ്രതിരോധിക്കുന്നതിനായി 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ കെഎംഎസ് സിഎൽ, കോവിഡ് തുടക്കമായതിനു പിന്നാലെ 1550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു ഒരു ചാനൽ പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.
കന്പനിക്ക് ഒൻപത് കോടി രൂപ മുൻകൂറായി നൽകണമെന്നു ഫയലിൽ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിപയെ പ്രതിരോധിക്കാൻ 2014 മുതൽ കെറോൺ എന്ന കന്പനിയിൽ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. പക്ഷിപ്പനി ഉണ്ടായിരുന്ന കാലത്തും ഈ കന്പനിയിൽ നിന്നുള്ള പിപിഇ കിറ്റാണ് ഉപയോഗിച്ചിരുന്നത്.
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച 2020 ജനുവരി 29നു കെറോൺ എന്ന കന്പനിയിൽ നിന്നു 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങുന്നതിനായി സർക്കാർ ഓർഡർ നൽകിയിരുന്നു. എന്നാൽ, പർച്ചേസ് ഓർഡർ നൽകിയത് രണ്ട് മാസത്തിനു ശേഷം മാർച്ച് 29നാണ്.
അതേസമയം, ഇതിന്റെ പിറ്റേ ദിവസം തന്നെ മഹാരാഷ്ട്ര സോളാപൂർ കേന്ദ്രമായുള്ള സാൻ ഫാർമ എന്ന കന്പനിക്ക് 1550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങാൻ ഓർഡർ നൽകിയതാണ് വിവാദമായിരിക്കുന്നത്.
കന്പനിയുടെ വിലാസത്തിൽ ഇങ്ങനെയൊരു കന്പനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ രംഗത്ത് ഒരു പരിചയവുമില്ലാത്ത കന്പനിക്ക് ഒൻപത് കോടി മുൻകൂറായി നൽകണമെന്നു ഉദ്യോഗസ്ഥർ ഫയലിൽ എഴുതിയതിലും എതിർപ്പുകൾ മറികടന്ന് 50 ശതമാനം തുക അഡ്വാൻസായി നൽകിയതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം.