ഷിക്കാഗോ: കൊറോണ വൈറസിന്റെ പിടിയിലമർന്ന് രണ്ടു മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ 20 വയസിന് താഴെയുള്ള യുവതിയുടെ തകരാറിലായ ഇരട്ട ശ്വാസകോശം മാറ്റി പുതിയത് ഘടിപ്പിച്ചു രോഗിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയതിന്റെ സംതൃപ്തിയിലാണ് ഇന്ത്യൻ അമേരിക്കൻ ഡോക്ടർ അൻകിത് ഭരത്. ഷിക്കാഗോ നോർത്ത് വെസ്റ്റേണ്‍ മെഡിസിൻ ജൂണ്‍ 11ന് ആണ് വിജയകരമായ ശസ്ത്രക്രിയയെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.
നോർത്ത് വെസ്റ്റേണ്‍ മെമ്മോറിയൽ ഹോസ്പിറ്റലിൽ പത്തു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ ഡോ. ഭരതിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വിജയകരമായി പൂർത്തീകരിച്ചത്.
ഇവരുടെ കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ തകരാറായതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടർമാർ തയാറായത്. ശ്വാസകോശം മാറ്റിവയ്ക്കുക എന്നത് സാധാരണ ശസ്ത്ര ക്രിയയാണെങ്കിലും കോവിഡ് രോഗിയിൽ ഇത്തരത്തിലുള്ള വിജയകരമായ ശസ്ത്രക്രിയ അപൂർവമാണ്.
കുറച്ചു ദിവസം കൂടെ വെന്റിലേറ്ററിൽ കിടക്കേണ്ടി വരുമെങ്കിലും പൂർണ ആരോഗ്യത്തോടെ വീട്ടിലേക്കു പോകാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ വിശ്വാസം.
ഹിസ്പാനിക്ക് യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തിടെ സുഹൃത്തിനോടൊപ്പം നോർത്ത് കരോളിനയിൽ നിന്നാണ് ഇവർ ഷിക്കാഗോയിൽ എത്തിയതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. റേഡ് ടോമിക് പറഞ്ഞു. കഴിഞ്ഞ വർഷം 40,000 ഓർഗൻ ട്രാൻസ് പ്ലാന്റാണ് അമേരിക്കയിൽ നടന്നതെങ്കിലും ഇതിൽ ഏഴു ശതമാനം മാത്രമാണ് ശ്വാസകോശ മാറ്റിവയ്ക്കലെന്നും ഡയറക്ടർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ