യഥാര്‍ത്ഥ ജീവിതങ്ങളുടെ പലവിധത്തിലുള്ള ആവിഷ്‌കാരങ്ങളെയാണ് കല എന്നു പറയുന്നത്. തോട്ടിപ്പണിക്കാരുടെ പച്ചയായ ജീവിതം തുറന്നുകാണിക്കുന്ന ഒരു ഡോക്യുമെന്ററി ദിവ്യ ഭാരതി എന്നയാള്‍ സംവിധാനം ചെയ്യുകയുണ്ടായി. എന്നാല്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ ഭരണകൂടം അനുവദിക്കുന്നില്ലെന്നാണ് ഇതിന്റെ സംവിധായിക പരാതിപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിലൂടെ പരമാവധി ആളുകളെ ഇത് കാണിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. തമിഴ്നാട്ടിലെ വിരുധുനഗര്‍ സ്വദേശിയാണ് ദിവ്യ എന്ന സംവിധായിക. 2015ല്‍ രണ്ട് തോട്ടിപ്പണിക്കാര്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടതാണ് ദിവ്യയെ ഇത്തരമൊരു ഡോക്യുമെന്ററി ചെയ്യാന്‍ പ്രേരിപ്പിച്ചത്. പോലീസും മറ്റ് അധികൃതരും പല സ്ഥലങ്ങളിലും ഇതിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നും ദിവ്യ പറയുന്നു. ഡല്‍ഹിയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചു. അതും നടന്നില്ല. താന്‍ മാവോയിസ്റ്റാണോ എന്നുചോദിച്ചാണ് സര്‍ക്കാരിന്റെ അന്വേഷണ വിഭാഗം ഇത് തടഞ്ഞത്. സംവിധായിക വെളിപ്പെടുത്തുന്നു. യൂടൂബില്‍ മികച്ച പ്രതികരണം നേടാന്‍ ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. കാണുമ്പോള്‍ അറപ്പുതോന്നുന്നുണ്ടെങ്കില്‍ അത് അനുഭവിക്കുന്ന മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാനും അവര്‍ക്കൊപ്പം നിലകൊളളാനും ഈ ഡോക്യുമെന്ററി സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.