ഇത്തിരിക്കുഞ്ഞനാണെങ്കിലും മിറക്കിൾ മില്ലി എന്ന ആറു വയസുകാരി നായയ്ക്കു വലിയ ഗമയാണ്. ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് റിക്കാർഡ് ലഭിച്ചതാണ് പ്യൂർട്ടോറിക്കൻ സ്വദേശിയായ കുഞ്ഞൻ നായയുടെ താരപരിവേഷത്തിനു കാരണം. 2012ലാണ് കക്ഷി ഗിന്നസ് ബുക്കിൽ ഇടംനേടുന്നത്. ഇതുവരെ മിറക്കിൾ മില്ലിയുടെ റിക്കാർഡ് പഴങ്കഥയാക്കാൻ ഒരു നായയ്ക്കും സാധിച്ചിട്ടില്ല.
ഇപ്പോഴിതാ മില്ലിയെത്തേടി മറ്റൊരു ഗിന്നസ് റിക്കാർഡുമെത്തിയിരിക്കുകയാണ്. ഏറ്റവും അധികം പ്രാവശ്യം ക്ലോണിംഗിനു വിധേയയാക്കപ്പെട്ട മൃഗം എന്ന ഗിന്നസ് റിക്കാർഡ്. മില്ലിയെ ക്ലോൺ ചെയ്ത് 49 നായകളെയാണ് ഇതുവരെ ദക്ഷിണകൊറിയയിലെ സിയൂളിലുള്ള സോം ബയോടെക് റിസർച്ച് സെന്ററിൽ സൃഷ്ടിച്ചിട്ടുള്ളത്. മില്ലിയുടെ അതേ രൂപത്തിലും ഭാവത്തിലുമുള്ളവയാണ് 49 ക്ലോൺ നായകളിലെ ഭൂരിഭാഗവും. എന്നാൽ, ചിലതിനു മില്ലിയേക്കാൾ വലുപ്പമുണ്ട്.
മില്ലിയുടെ വലുപ്പക്കുറവിന്റെ കാരണമറിയാനാണ് ഇത്രയധികം തവണ ക്ലോണിംഗ് നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. 1996ൽ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോൺ ചെയ്യാനുപയോഗിച്ച അതേ വിദ്യയാണ് മില്ലിയുടെ ക്ലോൺ പതിപ്പുകൾ സൃഷ്ടിക്കാനും പ്രയോഗിച്ചത്.