മനുഷ്യര്‍ക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ് സെല്‍ഫി. സോഷ്യല്‍ മീഡയയില്‍ സെല്‍ഫി പ്രളയമാണ്. സെല്‍ഫി എടുക്കുന്നതിനിടെ ജീവന്‍ പോയവര്‍ പോലും നിരവധി. മൃഗങ്ങളുമായി സെല്‍ഫി എടുക്കുന്നവരും കുറവല്ല. ഇക്കൂട്ടത്തില്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നവരും ഉണ്ട്. കുറച്ചുകാലം മുമ്പ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഒരു നായയെ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ടര്‍ക്കിയിലാണ് സംഭവം. ഒരു നായയോടൊപ്പമുള്ള രണ്ട് ചെറുപ്പക്കാരുടെ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നായയുടെ ചെവികള്‍ അറുത്തു മാറ്റി, ചോരയിറ്റുവീഴുന്ന ചെവികള്‍ കയ്യില്‍ പിടിച്ച് കൊണ്ടാണ് ‘അടിപൊളി’ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സംഗതി വൈറല്‍ ആയതോടെ യുവാക്കളെ തേടി പോലീസ് എത്തി ഫൈന്‍ അടപ്പിച്ചു. ടര്‍ക്കിയിലെ നിയമം ദുര്‍ബ്ബലമാണ്. നിസ്സാരമായ ഫൈന്‍ മാത്രമാണു മൃഗങ്ങളോടുള്ള ക്രൂരതയ്ക്കുള്ള നിയമപരമായ ശിക്ഷ. ഇതിനു മുന്‍പ് ഒരാള്‍ തന്റെ വളര്‍ത്തു മൃഗത്തിന്റെ ചെവിയും മൂക്കും അറുത്തു സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. മൃഗ സംരക്ഷണ നിയമം കര്‍ശനമാക്കണം എന്ന ആവശ്യം തുര്‍ക്കിയില്‍ വ്യാപകമായിട്ടുണ്ട്.