ഡിഎന്‍എ തുണച്ചു; വധശിക്ഷയില്‍ നിന്ന് നായ രക്ഷപെട്ടു! ജീവിതം മാറ്റിമറിച്ചത് പൊമറേനിയന്‍ നായയെ ആക്രമിച്ചു കൊന്നു എന്ന ആരോപണം

Dog_dna

വധശിക്ഷയില്‍നിന്നു ജെബ് രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിലാണ്. ഡിഎന്‍എ പരിശോധനാഫലമാണ് ജെബിനെ തുണച്ചത്. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട സര്‍വീസ് നായയാണ് ജെബ്. യുഎസ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന കെന്നത്ത് ജോബിനെയാണ് ജെബ് ശുശ്രൂഷിക്കുന്നത്.

ഒരു പൊമറേനിയന്‍ നായയെ ആക്രമിച്ചു കൊന്നു എന്ന ആരോപണമാണ് ജെബിന്‍റെ ജീവിതം മാറ്റിമറിച്ചത്. അപകടകാരിയായ മൃഗമാണെന്നും ജെബിനെ വധിക്കണമെന്നും യുഎസിലെ മൃഗസംരക്ഷണകേന്ദ്രം ഉത്തരവിറക്കി. എന്നാല്‍, ജെബിന്‍റെ ഉടമയായ കെന്നത്തിന് തന്‍റെ നായ ആരെയും കൊല്ലില്ല എന്നുറപ്പായിരുന്നു. ഏതുവിധേനയും നായയെ രക്ഷിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. കടുത്ത നിയമയുദ്ധമാണ് അതിനായി കെന്നത്ത് ജോബ് നടത്തിയത്.

മനുഷ്യരുള്‍പ്പെടുന്ന കൊലപാതകക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് ഫലം പലപ്പോഴും നിര്‍ണായകമാകാറുണ്ട്. അതുതന്നെയാണ് ജെബിന്‍റെ കാര്യത്തിലും സംഭവിച്ചത്. ഉടമ ജെബിനെ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയനാക്കി.

വ്‌ലാഡ് എന്ന പൊമറേനിയന്‍ നായയെ കടിച്ചുകൊന്നുവെന്നായിരുന്നു ജെബിന്‍റെ മേലുള്ള കുറ്റം. വ്‌ലാഡിന്‍റെ അനക്കമറ്റ ശരീരത്തിനു സമീപം ജെബ് നില്‍ക്കുന്നത് വ്‌ലാഡിന്‍റെ ഉടമയായ സാവ കണ്ടു. അതോടെ സാവ സാക്ഷിയും ജെബ് ക്രൂരനായ കൊലപാതകിയുമായി.
ഈ അവസരത്തിലാണ് ജെബിനെ ജോബ് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയനാക്കുന്നത്. ഭാഗ്യം തുണച്ചു എന്നുതന്നെ പറയാം. വ്‌ലാഡിന്‍റെ ശരീരം അതുവരെയും മറവു ചെയ്തിട്ടുണ്ടായിരുന്നില്ല. വ്‌ലാഡിന്‍റെ ശരീരത്തിലെ മുറിപ്പാടുകളില്‍ പറ്റിപ്പിടിച്ചിരുന്ന രക്തം ജെബിന്‍റെ തന്നെയാണോ എന്നായിരുന്നു പരിശോധന. എത്ര വൈകിയാലും സത്യം വെളിപ്പെടുമെന്ന പ്രപഞ്ചസത്യമാണ് ജെബിന്‍റെ കാര്യത്തില്‍ വെളിവായത്.

വ്‌ലാഡിനെ കൊന്നു എന്ന കുറ്റത്തിനു ജെബ് കസ്റ്റഡിയിലെടുക്കപ്പെട്ടിട്ട് രണ്ടു മാസം തികയുന്ന ദിവസം ആ വാര്‍ത്ത എത്തി. ഡിന്‍എ പരിശോധനയില്‍ ജെബിന്‍റെ രക്തവും വ്‌ലാഡിന്‍റെ ശരീരത്തിലെ മുറിപ്പാടുകളില്‍ കണ്ട രക്തവും തമ്മില്‍ യോജിക്കുന്നില്ല. ഇതോടെ ജെബ് നിരപരാധിയെന്നു തെളിഞ്ഞു, സ്വതന്ത്രനായി.

Related posts