കുഴല്‍ക്കിണറില്‍ വീണ നായയെ പത്തു നാള് നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചു. ടര്‍ക്കിയിലെ ബേകോസ് നഗരത്തിലാണ് സംഭവം. മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ നായ അബദ്ധത്തില്‍ വീണതാണെന്നാണ് കരുതുന്നത്. കിണറിന്റെ 200 അടിതാഴ്ചയിലാണ് നായ കുടുങ്ങിയത്.
കരച്ചില് കേട്ടെത്തിയ സമീപവാസികളാണ് നായ കിണറ്റിനുള്ളില്‍ കുടുങ്ങിയെന്നു കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ റെസ്ക്യു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാര്‍ കാമറയുടെ സഹായത്തോടെ നായ കുടുങ്ങിയ ഭാഗം വ്യക്തമായി മനസിലാക്കി. അതിനുശേഷം അവശ നിലയിലായ നായക്കു റ്റിയുബ് ഉപോയോഗിച്ച് ആഹാരം നല്കി. കൂടാതെ മഴ പെയ്ത് കിണറ്റിനുള്ളില്‍ വെള്ളം നിറയാതിരിക്കാന്‍ ടെന്‍ഡും കെട്ടി.
ഇതിനിടെ നായ കുഴല്‍ കിണറില്‍ അകപ്പെട്ട വിവരം ടര്ക്കിയിലെങ്ങും വലിയ വാര്‍ത്തയായി. ടര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ മരുമകനും മന്ത്രിയുമായ ബരത് അല്‍ബയ്റക് അടക്കമുള്ള ഉന്നതര്‍ സംഭവംസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്ജിതാമാക്കാന് ആവശ്യപ്പെട്ടു.
എന്നാല്‍ ധൃതിപിടിച്ചുള്ള രക്ഷാ പ്രവര്‍ത്തനം നായയുടെ ജീവന് അപകടത്തിലാക്കുമെന്ന നിലപാടിലായിരുന്നു റെസ്ക്യു വിഭാഗം. പ്രദേശത്തെ മണ്ണിനു ഉറപ്പില്ലാത്തതിനാല്‍ കിണറിനു സമാന്തരമായി കുഴിയെടുത്തുള്ള രക്ഷാ പ്രവര്‍ത്തനം ഉചിതമാവില്ലെന്നും അവര്‍ അറിയിച്ചു.
തുടര്‍ന്നു നായയെ രക്ഷിക്കാന്‍ ’യന്ത്രക്കൈ’നിര്‍മ്മിക്കാനുള്ള ശ്രമമായി .അതിനായി എന്‍ജിനിയറിംഗ് വിദഗ്ദരുടെ സേവനവും ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും മന്ത്രി ബരത് അല്ബയ്റക ഏര്‍പ്പാടാക്കി.
യന്ത്രക്കൈയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ പത്തു ദിവസം വേണ്ടി വന്നു. ടര്‍ക്കിയിലെ ദേശീയ മാധ്യമങ്ങളില്‍ അടക്കം രക്ഷാ പ്രവര്‍ത്തനം തത്സമയം കാണിച്ചു. ടര്‍ക്കി ജനത ഒന്നടങ്കം നയക്കായി പ്രാഥിച്ചു. പ്രാഥനകള്‍ ഫലം കണ്ടു. നായ സുരക്ഷിതനായി മുകളിലെത്തി.
ഇന്നിപ്പോള്‍ ടര്‍ക്കിയുടെ താരമാണ് ഈ നായക്കുട്ടി. ’കുയു’ എന്ന പേരും അവന് അവര്‍ നല്കി. ഒരുപാട് കഷ്ടപ്പെട്ട് കുയുവിന്റെ ജീവന് രക്ഷിച്ച ബേകോസിലെ റെസ്ക്യൂ ജീവനക്കാര്‍ അവനെ അങ്ങു ദത്തെടുത്തിരിക്കുകയാണിപ്പോള് . ജീവന് രക്ഷിക്കാമെങ്കില്‍ വളര്‍ത്താനും അറിയാമത്രേ…