നായ മനുഷ്യനെ ആക്രമിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് ദിനംപ്രതി രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മനുഷ്യനെ, പ്രത്യേകിച്ച് സ്വന്തം ഉടമയെ സ്വന്തം ജീവനെപ്പോലെ സ്‌നേഹിക്കുന്ന നായകളുമുണ്ടെന്ന് തെളിയിച്ചിരിക്കുയാണ് പെരുമ്പാവൂരിലെ ഒരു നായ. റിട്ട. മുനിസിപ്പല്‍ ജീവനക്കാരന്‍ നങ്ങേലില്‍ ഗംഗാധരന്റെയും ഭാര്യ വിമലയുടേയും വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന ഡാഷ് ഇനത്തില്‍ പെട്ട നായയാണു മൗഗ്ലി. ചൊവ്വാഴ്ച പുലര്‍ച്ചെ മൗഗ്ലി നിര്‍ത്താതെ കുരയ്ക്കുന്നതു കേട്ടാണ് ഗംഗാധരനും വിമലയും ഉണര്‍ന്നത്. പുറത്തേയ്ക്ക് നോക്കിയപ്പോള്‍ വലിയൊരു മൂര്‍ഖന്‍ പാമ്പുമായി മൗഗ്ലി മുറ്റത്ത് വമ്പന്‍ പോരാട്ടത്തിലാണ്.
മുന്‍വാതില്‍ തുറന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ നായ കുരച്ചു കൊണ്ട് ഓടി വന്നു മുറ്റത്ത് ഇറങ്ങുന്നത് തടഞ്ഞു. പിന്നീട് പാമ്പും നായയും തമ്മിലുള്ള പോരാട്ടം അരമണിക്കൂര്‍ തുടര്‍ന്നു. നായ പാമ്പിന്റെ നടുഭാഗത്തു കടിച്ചു കുടഞ്ഞു. ഇതിനിടയില്‍ പാമ്പു നായയെ ചുറ്റിവരിയുന്നുണ്ടായിരുന്നു. ബഹളം കേട്ട് പട്രോളിങ് നടത്തുന്ന പോലീസ് സംഘവും വീട്ടില്‍ എത്തി. എന്നാല്‍ ഇവരെ ആരെയും അങ്ങോട്ടേയ്ക്ക് അടുക്കാന്‍ പോലും മൗഗ്ലി സമ്മതിച്ചില്ല. പകരം പാമ്പുമായുള്ള പോരാട്ടം മൗഗ്ലി തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം മൗഗ്ലി പാമ്പിനെ കീഴടക്കുക തന്നെ ചെയ്തു. എന്നാല്‍ പാമ്പുമായി ദീര്‍ഘനേരം നടത്തിയ പോരാട്ടത്തിന്റെ ഫലമായി മൗഗ്ലി ക്ഷീണിച്ചവശനായിരുന്നു. വെറ്റിനറി ഡോക്ടറെ വിളിച്ച് അദ്ദേഹം സ്ഥലത്തെത്തുന്നതിന് മുമ്പ് മൗഗ്ലി വിടപറഞ്ഞു. തന്റെ വീട്ടിലെ ഗൃഹനാഥയുടെ കൈയില്‍ നിന്ന് അവസാനമായി വെള്ളവും ബിസ്‌ക്കറ്റും കഴിച്ചതിനുശേഷമായിരുന്നു അത്.