ജനങ്ങളെ ആക്രമിക്കുന്നു എന്നതിന്റെ പേരിൽ ഏറെ പഴികേട്ടവരാണ് തെരുവുനായ്കൾ. ഇപ്പൊഴിതാ മനുഷ്യർക്കു പോലും തോന്നാത്ത മനുഷ്യത്വം കാട്ടി ഹീറോ പരിവേഷം നേടിയിരിക്കുകയാണ് കോൽക്കത്തയിലെ ഒരു പറ്റം തെരുവുനായ്ക്കൾ.
കോൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തുണയായത് ഒരു സംഘം തെരുവുനായ്ക്കളാണ്. സ്റ്റേഷനിലെ ബെഞ്ചിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്. സമീപം ഒരു കുപ്പി പാലും ഡയപ്പറും വച്ചിട്ടാണ് മാതാപിതാക്കൾ കടന്നത്. കുഞ്ഞിന്റെ സമീപത്തുകൂടി കടന്നുപോയ നൂറുകണക്കിനാളുകൾ ഈ കാഴ്ച കണ്ടെങ്കിലും മുഖം തിരിച്ചു പോകുകയായിരുന്നു.
കുട്ടിയ്ക്ക് ആരും തുണയില്ലാതായപ്പോഴാണ് എല്ലാവരും അറപ്പോടെയും വെറുപ്പോടെയും മാത്രം കാണുന്ന തെരുവു നായ്ക്കൾ രക്ഷകരായി എത്തിയത്. ഇവർ കുട്ടിക്കു ചുറ്റും നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ മിഹിർ ദാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കുഞ്ഞിനെ സ്റ്റേഷനിൽ നിന്നു സുരക്ഷിതമായി മാറ്റി. ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കുഞ്ഞിനെ ചൈൽഡ്ലൈനിനു കൈമാറുകയായിരുന്നു.
കഴിഞ്ഞ വർഷവും സമാന സംഭവം നടന്നിരുന്നു. കാരണം ചവറ്റു കുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഏഴു ദിവസം പ്രായമുള്ള കുട്ടിയ്ക്ക് സംരക്ഷകരായി മാറിയത് തെരുവ് നായ്ക്കളായിരുന്നു. ആരെങ്കിലും വന്ന് കുട്ടിയെ രക്ഷിക്കുന്നതു വരെ മറ്റു മൃഗങ്ങളിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു ഇവർ. മനുഷ്യർ പോലും മനുഷ്യത്വം കാണിക്കാത്ത ഇന്നത്തെ കാലത്ത് അവരെക്കാളും ഭേദം മൃഗങ്ങൾ ആണെന്നുള്ളതിന്റെ തെളിവാണ് ഈ സംഭവം.