തിരുവനന്തപുരം: ആക്രമണകാരികളായ നായ്ക്കളെ വളർത്തുന്നതു തടയാൻ സമഗ്രമായ നിയമനിർമാണ സാധ്യതയെകുറിച്ച് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് വൈത്തിരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നായയുടെ കടിയേറ്റു മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നായ്ക്കളെ വളർത്താൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് എടുത്താൽ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴ മാത്രമാണ് ശിക്ഷ. ഇത് കൂടുതൽ കഠിനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
വയനാട്ടിൽ തൊഴിലുറപ്പ് തൊഴിലാളി വളർത്തുനായ്ക്കളുടെ കടിയേറ്റുമരിച്ച സംഭവത്തിൽ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളർത്തുനായ്ക്കൾക്ക് നിയമപ്രകാരമുള്ള ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ വളർത്താൻ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.