എടക്കര: വളർത്തുനായയെ സ്കൂട്ടറിന്റെ പിന്നിൽ കെട്ടി ടാർ റോഡിലൂടെ വലിച്ചിഴച്ച്; ക്രൂരത കാട്ടിയയാളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി പ്രെയ്സ് വില്ല സേവ്യറി(53)നെയാണ് എടക്കര എസ്ഐ രാംദാസും സംഘവും അറസ്റ്റ് ചെയ്തത്.
നായയെ കെട്ടിവലിക്കാൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കരുനെച്ചി സ്വദേശിയായ ഇയാൾ ചെരിപ്പ് കടിച്ചതിന്റെ പേരിൽ വളർത്തു നായയെ സ്കൂട്ടറിന്റെ പിറകിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്.
മൂന്നു കിലോമീറ്ററാണ് ഇയാൾ നായയെ കെട്ടിവലിച്ചു സ്കൂട്ടറോടിച്ചത്. ക്രൂരകൃത്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട വളപ്പൻ ഉമ്മർ എന്ന യുവാവ് ഇയാളുടെ സ്കൂട്ടറിനു മുന്നിൽ ബൈക്ക് വിലങ്ങിയാണ് കൃത്യം തടഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ സേവ്യറിന്റെ പ്രവൃത്തി പരന്നതോടെ എടക്കര പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം നടത്തി. ഉമ്മറിന്റെ പരാതിയിൽ ശനിയാഴ്ച തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മൃഗങ്ങൾക്കു നേരെയുള്ള ക്രൂരകൃത്യങ്ങൾ തടയുന്ന നിയമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സേവ്യറിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിക്കേറ്റ നായയെ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ ഏറ്റെടുക്കുകയും ചികിത്സ നൽകുകയും ചെയ്തു. നായ സുഖം പ്രാപിച്ചു വരുന്നു.