വൈപ്പിന്‍: ഞാറക്കല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മെമ്പര്‍ മിനി ഇനി വെറും മിനിയല്ല. ആക്ഷന്‍ ഹീറോ മിനി. തെരുവുനായകളെ പേടിച്ചു ഞാറക്കലില്‍ തെരുവിലൂടെയുള്ള ജനങ്ങളുടെ നെട്ടോട്ടം പുരുഷപ്രജകളായ മറ്റ് വാര്‍ഡ്‌മെമ്പര്‍മാര്‍ കൈയുംകെട്ടി നോക്കിനിന്നപ്പോള്‍ ജനരക്ഷക്കായി ഇടംവലം നോക്കാതെ തെരുവുനായകളെ കൊന്നൊടുക്കാന്‍ മുന്നിട്ടിറങ്ങിയതിനു നാട്ടുകാരാണു മിനിയെ ആക്ഷന്‍ ഹീറോ ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ആക്രമണകാരികളായ നായകളെ കൊന്നൊടുക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമാണ് മെമ്പര്‍ക്ക് ആത്മധൈര്യം നല്‍കിയത്. വാര്‍ഡില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ആക്രമണകാരികളായ നായകള്‍ തലങ്ങുംവിലങ്ങും ജനത്തിനു ഭീതിവിതച്ചു വിളയാടുകയാണ്. കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാനും വരാനും തെരുവുനായകള്‍ വലിയ ഭീഷണിയായതോടെയാണ് മെമ്പര്‍ രണ്ടംകല്‍പ്പിച്ച് രംഗത്തിറങ്ങിയത്.
ഇത് സംബന്ധിച്ചുണ്ടാകുന്ന എല്ലാനിയപ്രശ്‌നങ്ങളേയും താന്‍ നേരിട്ടുകൊള്ളാമെന്ന വാര്‍ഡ് മെമ്പറുടെ ഉറപ്പിലാണ് നായപിടുത്തക്കാരും നാട്ടുകാരും വാര്‍ഡ്‌മെമ്പര്‍ക്കൊപ്പം ചേര്‍ന്നത്. പൊതുജനരക്ഷയ്ക്കായി വരുംദിവസങ്ങളില്‍ ഈ മേഖലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടാനാണ് വാര്‍ഡ് മെമ്പറുടെയും കൂട്ടരുടെയും ശ്രമം. ഇതിനിടെ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും വൈപ്പിന്‍കരയിലെ തന്നെ മറ്റു പഞ്ചായത്തുകളിലും ആക്രമണകാരികളായ തെരുവുനായകള്‍ വിലസിയിട്ടും കാര്യമായ നടപടികളൊന്നുമില്ല.
വൈപ്പിന്‍: ഞാറയ്ക്കല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ മിനി രാജു, ജോസ് മാവേലി, കണ്ടാലറിയാവുന്ന കുറച്ചുപേര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെതിരേയുള്ള വകുപ്പ് ചുമത്തിയാണു കേസ്. തെരുവുനായ് ശല്യം രൂക്ഷമായ ഞാറയ്ക്കല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണു വാര്‍ഡ്‌മെമ്പര്‍ മിനി രാജുവിന്റെ നേതൃത്വത്തില്‍ ഏഴ് തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു വാര്‍ഡ് നിവാസികള്‍ക്കും വന്‍ ഭീഷണിയായതോടെ നിയമപ്രശ്‌നങ്ങളൊന്നും നോക്കാതെയാണ് മെമ്പര്‍ ആക്രമണകാരികളായ നായകള്‍ക്കെതിരേ രംഗത്തിറങ്ങിയത്.
ആലുവ ജനസേവ ശിശുഭവന്‍ നടത്തിപ്പുകാരനായ ജോസ് മാവേലിയെ മെമ്പര്‍ വിവരം അറിയിക്കുകയും ഇദ്ദേഹം നായപിടുത്തക്കാരുമായി സ്ഥലത്തെത്തി വാര്‍ഡുമെമ്പറുടെയും ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തെരുവുനായ വേട്ട നടത്തുകയുമായിരുന്നു.പിടികൂടി കൊന്ന ഏഴു നായകളേയും ഇന്നലെ ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രദര്‍ശിപ്പിച്ചശേഷമാണ് കുഴിച്ചുമൂടിയത്. ആദ്യം പോലീസ് കേസെടുത്തില്ലെങ്കിലും പിന്നീട് വാര്‍ഡ്‌മെമ്പറുടെ നായപിടുത്തം സംബന്ധിച്ച് ചാനലുകളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. മുംബൈയില്‍നിന്നു മൃഗസ്‌നേഹി സംഘടനയുടെ ഭാരവാഹികളിലൊരാളായ അഡ്വ. റീനയില്‍നിന്ന് ഈ മെയിലില്‍ ഒരു പരാതി ലഭിച്ചതായും പോലീസ് അറിയിച്ചു.
പൊതുജനരക്ഷയ്ക്കായി വരും ദിവസങ്ങളില്‍ ഈ മേഖലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടാനാണ് വാര്‍ഡ് മെമ്പറുടെയും കൂട്ടരുടെയും ശ്രമം. ഇതിനു നാട്ടുകാര്‍ മെമ്പര്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ തെരുവുനായ വിമുക്ത കേരളത്തിനായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന 50 ലക്ഷംപേരുടെ ഒപ്പുശേഖരണ പരിപാടിയും തുടരും. ഇന്നലെ ഞാറക്കലില്‍ നടന്ന ഒപ്പു ശേഖരണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേര്‍ ഒപ്പുകള്‍ നല്‍കി തെരുവുനായ്ക്കള്‍ക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചു.