കുമരകം: തന്റെ കുഞ്ഞുങ്ങളെ അക്രമിക്കാൻ ശ്രമിച്ച മൂർഖൻ പാന്പിനെ നേരിട്ട നായ മൂർഖനിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചെങ്കിലും പാന്പിന്റെ കടിയേറ്റു ചത്തു, നായയുടെ കടിയേറ്റ മൂർഖൻ പാന്പും ചത്തു.
കുമരകം ആപ്പിത്ര സ്കൂളിന് സമീപം കളന്പുകാട്ടുശേരി കുഞ്ഞുമോന്റെ വളർത്തു നായ “മക്ലിറ്റി’യാണ് ഇന്നലെ രാത്രി പത്തിന് ചത്തത്.
അഞ്ചു വയസുള്ള മക്ലിറ്റിയുടെ മൂന്നാമത്തെ പ്രസവം രണ്ടാഴ്ച മുന്പായിരുന്നു മൂന്ന് ആണ് നായ കുട്ടികൾക്കു ജന്മം നല്കിയത്.
ഇതു വരെ കണ്ണുതുറക്കാത്ത തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കും എന്ന തോന്നലിനെത്തുടർന്നാണ് മൂർഖനെ മക്ലിറ്റി നേരിട്ടത്. നായയുടെ നിർത്താതെയുള്ള കുര കേട്ട് ഓടി കൂടിയ നാട്ടുകാർ ചത്ത് കിടക്കുന്ന പാന്പിനെയും അവശയായ നായയെയുമാണ് കണ്ടത്.
നിമിഷങ്ങൾക്കുള്ളിൽ നായയും ചത്ത് വീണു. പാന്പിന്റെ ശല്യം വളരെ കൂടുതലുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. പാന്പിന്റെ ശല്യത്തിൽ നിന്ന് രക്ഷനേടാനാണ് നായകളെ വളർത്തുന്നതെന്ന് കുഞ്ഞുമോൻ പറഞ്ഞു.
ആപ്പീത്ര -മാഞ്ചിറ റോഡിൽ പല ഭാഗത്തും വഴിവിളക്കുകൾ തെളിയാറില്ലെന്നും നേരം ഇരുട്ടിയാൽ ഈവഴിയുള്ള യാത്ര സുരക്ഷിതമല്ലെന്നും നാട്ടുകാർ പറഞ്ഞു.