കുമരകം: മൃഗസ്നേഹി സംഘടനകളുടെ പേരില്‍ ഒരുവിഭാഗം നടത്തുന്നത് സാമ്പത്തിക തട്ടിപ്പോ ?. റോഡില്‍ ഗുരുതരമായി പരുക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിലെത്തിച്ച വനിതാ പഞ്ചായത്ത് അംഗത്തില്‍നിന്നും നായയുടെ സംരക്ഷണത്തിനു 10,000 രൂപ ആവശ്യപ്പെട്ടതോടെയാണു മൃഗസ്നേഹി സംഘടനകളിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നത്.
റോഡില്‍ ഗുരുതരമായി പരുക്കേറ്റു കിടന്ന തെരുവു നായയെ മൃഗാശുപത്രിയിലെത്തിച്ച വനിതാ പഞ്ചായത്ത് അംഗം നായയുടെ സംരക്ഷണം ഏറ്റെടുത്തില്ലെന്ന് ആരോപിച്ച് മൃഗസ്നേഹിയെന്നു രംഗത്തുവന്ന യുവാവാണ് പണം ആവശ്യപ്പെട്ടതെന്ന് കുമരകം പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ദിവ്യാ ദാമോദരന്‍ പറയുന്നു.
അവഹേളിക്കുന്ന തരത്തില്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നും ദിവ്യാ ദാമോദരന്‍ പറഞ്ഞു. ഏതു നിമിഷവും നിലംപൊത്താറായ വീട്ടില്‍ ശയ്യാവലംബരായ പിതാവും ഭര്‍ത്താവും ചേരുന്നതാണ് ദിവ്യയുടെ കുടുംബം.
ഇതിനൊപ്പം പരിക്കേറ്റ നായയെ കൂടി സംരക്ഷിക്കുക അസാധ്യമാണെന്ന് അറിയിച്ചിട്ടും മൃഗ സ്നേഹിയായ ജോബിന് എന്ന വ്യക്തി വനിതയായ തന്നോട് ദയ കാണിച്ചില്ലെന്നു ദിവ്യ പറയുന്നു. നായയെ താന്‍ വീട്ടിലെത്തിച്ച് 45 ദിവസം സംരക്ഷിക്കണം എന്ന ആവിശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ജോബിന്.
അല്ലാത്ത പക്ഷം സ്വയം സംരക്ഷണം ഏറ്റെടുക്കാമെന്നും പരിപാലനത്തിനായി 10,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനു വിസമതിച്ചതോടെയാണ് തന്നെ അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്നു പഞ്ചായത്തംഗം പറയുന്നു.
പിതാവിനേയും രോഗിയായ ഭര്‍ത്താവിനേയും പരിപാലിക്കുന്നതിനും കുടുംബം പോറ്റുന്നതിനും കുട്ടികളെ ട്യൂഷന് പഠിപ്പിക്കുന്നതിലൂടെ ലഭിച്ചിരുന്ന വരുമാനം മാത്രമായിരുന്നു ആശ്രയം. കോവിഡ് വന്നതോടെ അതും നിലച്ചു. ഇപ്പോള്‍ ലഭിക്കുന്ന പഞ്ചായത്ത് അംഗത്തിന്റെ ശമ്പളമാണു കുടുംബത്തിന്റെ ആകെയുള്ള വരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വയറിനു മരകമായി പരിക്കേറ്റു കുടല്‍മാല പുറത്തുവന്ന നിലയില്‍ മണിക്കൂറുകളോളം റോഡില്‍ കിടന്ന നായയെ മറ്റൊരു പഞ്ചായത്തംഗമായ ജോഫി ഫെലിക്സിന്റെ സഹായത്തോടെ കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയില്‍ ദിവ്യ എത്തിച്ചതാണു പ്രശ്നങ്ങള്‍ക്ക് തുടക്കം.
അന്നു വൈകുന്നേരം ജോബിനും സുഹൃത്തുക്കളും ഇവരെ അധിക്ഷേപിച്ചു നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. മരണത്തിനോടു മല്ലടിച്ച കിടന്ന ഒരു ജീവന് സംരക്ഷിക്കാന്‍ പരിശ്രമിച്ച തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ചു കുമരകം പോലീസില്‍ പരാതി നല്‍കിയെങ്കിലും നായയെ സഹായിക്കാനെത്തിയവരുടെ ഭാഗത്താണു തെറ്റെന്ന നിലപാടിലാണ് ജോബിന്.
തെരുവുനായയെ മൃഗാശുപത്രിയില്‍ എത്തിച്ച വനിത പഞ്ചായത്ത് അംഗത്തിനെതിരേ ജില്ലാ പോലീസ് ചീഫിനു പരാതി നല്കി. ചികിത്സാ ചെലവും തുടര്‍ സംരക്ഷണവും ഏറ്റെടുക്കാതെ മടങ്ങിയതിനെതിരെ നടപടി സ്വീകരിക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.
മൃഗസ്നേഹി സംഘടനയുടെ അംഗം ജോബിനാണു ദിവ്യാ ദാമോദരനെതിരേ ഇന്നലെ പരാതി നല്‍കിയത്. ജില്ലാ മൃഗാശുപത്രിയില്‍ എത്തി ആവശ്യപ്പെട്ട 10,000 രൂപാ ഇയാള്‍ക്ക് നല്‍കാത്തതിലുള്ള പ്രതികാരവും നവമാധ്യമങ്ങളില്‍ കൂടി തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ കുമരകം പോലീസില്‍ പരാതി നല്‍കിയതുമാണു തനിക്കെതിരെയുള്ള പരാതിക്കു പിന്നിലെന്ന് ദിവ്യാ ദാമോദരന്‍ പറഞ്ഞു.