പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തില്‍ പത്തനംതിട്ട നഗരം വിറങ്ങലിച്ചു. ഇന്നലെ പകല്‍ മുഴുവന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത് 23 പേര്‍ക്കാണ്.
ഇന്നലെ രാവിലെ ആക്രമണം തുടങ്ങിയ നായ രാത്രി വൈകിയും ആളുകളെ കടിച്ചു. ഇത്രയധികം ആളുകളെ ആക്രമിച്ച നായയെ രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടിയേറ്റവരില്‍ പലര്‍ക്കും ഗുരുതര പരിക്കാണുള്ളത്.
കടിച്ച നായയ്ക്ക് പേ വിഷബാധ സംശയിക്കുന്നതിനാല്‍ കടിയേറ്റവരെയെല്ലാം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷനു വിധേയരാക്കി.
ഇന്നലെ പുലര്‍ച്ചെ മലയാലപ്പുഴ ഭാഗത്തുനിന്നാണ് നായയുടെ ആക്രമണം തുടങ്ങിയത്. പിന്നീട് നഗരത്തിലെത്തി മിനി സിവില്‍ സ്റ്റേഷന് പരിസരത്തു കടന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു.
അവിടെനിന്നും ഓടിയ നായ സെന്‍ട്രല്‍ ജംഗ്ഷനില്‍ വഴിയാത്രക്കാരെ കടിച്ചു. രാവിലെ ജോലിക്കു പോകാനെത്തിയവര്ക്കടക്കം കടിയേറ്റു.
വഴിയാത്രക്കാരായ വയോധിക സ്ത്രീകള്‍ക്കും പരിക്കേറ്റു. ബസ് കാത്തുനിന്നവരെയും വെറുതെ വിട്ടില്ല. ആളുകളെ ആക്രമിച്ച ശേഷം മറ്റൊരു ഭാഗത്തേക്കു നീങ്ങുന്ന നായയെ കണ്ടെത്താന്‍ പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വൈകുന്നേരം വീണ്ടും തെരുവിലിറങ്ങിയ നായ സിവില്‍ സ്റ്റേഷന് ഭാഗത്ത് ആക്രമണം നടത്തി. അവിടെനിന്ന് നായയെ ഓടിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് നഗരസഭ ഓഫീസ് പരിസരത്ത് നായ എത്തി.
അവിടെ കാര്‍ പോര്‍ച്ചില്‍ നിന്നു വാഹനം എടുക്കാനെത്തിയ സൂപ്രണ്ട് അഹമ്മദ് ഹുസൈന്, നഗരസഭ ജീവനക്കാരി മാളു ശ്രീധരന് എന്നിവരെ ആക്രമിച്ചു. പിന്നീട് മൃഗസംരക്ഷണ ഓഫീസ് പരിസരത്തുമെത്തി ആളുകളെ കടിച്ചു.
രാത്രി എട്ടോടെ അഴൂര്‍ ഭാഗത്താണ് നായയുടെ ആക്രമണമുണ്ടായത്. അഞ്ചുപേര്‍ക്ക് കടിയേറ്റു.ലോക്ഡൗണ്‍ കാലത്ത് ഒഴിഞ്ഞുകിടന്ന തെരുവുകളും കടത്തിണ്ണകളും സ്വന്തമാക്കിയിരുന്ന തെരുവുനായ്ക്കള്‍ക്ക് പല സംഘടനകളും വ്യക്തികളും ഭക്ഷണം എത്തിച്ചിരുന്നു.
ലോക്ഡൗണില്‍ ഇളവെത്തി ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയപ്പോഴും നായ്ക്കള്‍ റോഡുകളില്‍ നിന്ന് ഒഴിയാത്ത സ്ഥിതിയുണ്ട്.
കൂട്ടമായെത്തുന്ന നായ്ക്കളേക്കാള് ഒറ്റ തിരിഞ്ഞെത്തുന്നവയാണ് ആക്രമണകാരികളായി മാറുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച ആളുകള്‍ക്ക് ഇത്തരം നായ്ക്കളുടെ കടിയേറ്റിരുന്നു.
തെരുവുനായ്ക്കളെ പിടികൂടും
നഗരത്തില്‍ നായശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയെ പിടികൂടി വന്ധ്യംകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്. അജിത് കുമാറും അറിയിച്ചു.
രാത്രിയില്‍ തന്നെ നായ്ക്കളെ പിടികൂടാനാരംഭിച്ചിട്ടുണ്ട്.കഴിഞ്ഞവര്‍ഷം എബിസി പദ്ധതിക്കായി നാല് ലക്ഷം രൂപ നീക്കിവച്ചിരുന്നു.
മുന്‍ വര്‍ഷത്തെ ബാക്കി വന്ന 60,000 രൂപയും ചേര്‍ത്ത് 212 നായ്ക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഒരു നായയെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കുന്നതിന് 2100രൂപ നഗരസഭ ഡിഎംസിയിലേക്ക് അടയ്ക്കേണ്ടതുണ്ട്.
വര്‍ഷവും ഇതേ പദ്ധതിക്കായി നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയല്ലാതെ ഇവയുടെ ശല്യം ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് നഗരസഭ അധികൃതര്‍ പറയുന്നു.
വന്ധ്യംകരണത്തിനു വിധേയമാകുന്ന നായ്ക്കളെ വീണ്ടും പഴയസ്ഥാനത്തു കൊണ്ടുവിടേണ്ടിവരണമെന്നാണ് നിര്‍ദശം. ഇവ കൂടുതല്‍ ശല്യക്കാരായി മാറുന്നതാണ് കണ്ടുവരുന്നത്.