ചാത്തന്നൂര്‍: ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞത്ത് തെരുവ്നായ് ആക്രമണം. ആട് വളര്‍ത്തല്‍ കേന്ദ്രം തകര്‍ത്ത് 15 ആടുകളെ കടിച്ചു കീറി കൊന്നു. വരിഞ്ഞം സജീവ് മന്‍സില്‍ നൗഷാദിന്റെ വീട്ടിലെ 5 വയസ് പ്രായം വരുന്ന ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ 20 ഓളംവരുന്ന തെരുവ് നായ്ക്കള്‍ ആട് വളര്‍ത്തല്‍ കേന്ദ്രം തകര്ത്തുഅകത്തു കയറി കടിച്ചുകൊന്നത്.
ആടുകളുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് ഓടിയെത്തിയെങ്കിലും തെരുവ് നായ്ക്കളുടെ ആക്രമണമണത്തില്‍ ആടുകളുടെ വയറിന്റെ ഭാഗങ്ങള്കടിച്ചു കീറി കുടലുകള്‍ പുറത്ത് ചാടിയ നിലയിലായിരുന്നു. ഓടിയെത്തിയ നാട്ടുകാരെയും തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. വരിഞ്ഞം പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ സമീപവാസിയായ റഹിമിന്റെ ഫാമിലെ ആടുകളെയും സുഖേലയുടെ ഫാമിലെ കോഴികളെയും തെരുവുനായ്ക്കല്‍ കടിച്ചുകൊന്നിരുന്നു.