വിലയുടെ കാര്യത്തിൽ വാർത്താതാരം ആയിരിക്കുകയാണു ബംഗളൂരു സ്വദേശി സ്വന്തമാക്കിയ ഒരു നായ. വില 50 കോടി രൂപ! കാട്ടുചെന്നായയോട് വളരെ സാമ്യമുള്ള ഈ വോൾഫ്ഡോഗിന് കാഴ്ചയിൽ ഭീമാകാര രൂപമാണ്.
കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കളുടെയും ചെന്നായ്ക്കളുടെയും സങ്കരയിനമാണ് ഈ നായ. പേര് “കാഡബോംസ് ഒകാമി’. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എസ്. സതീഷ് ആണ് ലോകത്തിലെ ഏറ്റവും വിലകൂടിയതെന്നു കണക്കാക്കുന്ന നായയുടെ ഉടമ.
അമേരിക്കയിലാണ് ഇതിന്റെ ജനനം. എട്ടു മാസം മാത്രം പ്രായമുള്ള നായയെ ഫെബ്രുവരിയിലാണ് വാങ്ങിയത്. 75 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. ഉയരം 30 ഇഞ്ച്. ദിവസം മൂന്നു കിലോ പച്ചയിറച്ചി കഴിക്കും.
അപൂർവങ്ങളിൽ അപൂർവമായ ഈ ഇനം നായ്ക്കൾ ഇതിനുമുൻപ് ലോകത്ത് വിറ്റുപോയിട്ടില്ലെന്നു സതീഷ് അവകാശപ്പെടുന്നു. 150ലേറെ വ്യത്യസ്ത ഇനം നായ്ക്കൾ ഇദ്ദേഹത്തിനുണ്ട്. വളർത്തുമൃഗങ്ങളുടെ ഷോകളിൽ ഇവയെ പ്രദർശിപ്പിക്കലാണു സതീഷിന്റെ ഹോബിയും വരുമാനമാർഗവും.
ഷൂട്ടിംഗിനു “കാഡബോംസ് ഒകാമി’യെ വേണമെങ്കിൽ അരമണിക്കൂറിനു 2.45 ലക്ഷം രൂപയും അഞ്ചു മണിക്കൂറിന് 10 ലക്ഷം രൂപയുമാണു ചാർജ് ഈടാക്കുക.