വൈപ്പിന്‍: മാലിപ്പുറം വളപ്പ് സോമില്ലിനു സമീപം ഒന്നര വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ടു പേരെ തെരുവുനായ കടിച്ചു. പുളിത്തറ ഷാജി(50), മകന് ഹരീഷിന്റെ കുട്ടി ബദ്രിനാഥ്(ഒന്നര) എന്നിവര്‍ക്കാണു കടിയേറ്റത്. രാവിലെ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയുടെ വലതു കാലില്‍ നായ കടിക്കുന്നതു കണ്ട് അമ്മൂമ്മ ചന്ദ്രികയും അമ്മ ശ്യാമിലിയും ഓടിയെത്തി കുട്ടിയെ നായയില്‍നിന്നു രക്ഷപ്പെടുത്തി.
ഇതിനിടെ കുട്ടിയുടെ ഇടതു ചെവിക്കും കടിയേറ്റു. ഈ സമയം നായയെ തുരത്താന്‍ ശ്രമിച്ച ഷാജിയുടെ നേര്‍ക്കു നായ പാഞ്ഞടുക്കുകയായിരുന്നു. ഷാജിയുടെ വലതു കാല് പാദത്തിലും വലതു കൈ വിരലിലുമാണ് കടിയേറ്റത്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. സമീപകാലത്ത് കുഞ്ഞുകുട്ടികളടക്കം എഴുപതിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.