വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ് വാരണാസിയിലെ ജയ എന്ന തെരുവുനായയ്ക്കും അങ്ങനെയൊരു ദിവസം എത്തിയിരിക്കുന്നു..!
സംരക്ഷകയായ വനിതയോടൊപ്പം നെതർലൻഡ്സിലേക്കു പറക്കാൻ തയാറെടുക്കുകയാണ് തെരുവുനായ. ഇതിനായുള്ള പാസ്പോർട്ട്, വീസ എന്നിവയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി ആംസ്റ്റർഡാം സ്വദേശിനി മെറൽ ബോണ്ടൻബെൽ പറഞ്ഞു.
താൻ നായ്ക്കളെ ഇഷ്ടപ്പെടുന്നുവെന്നും വീട്ടിൽ വളർത്താൻ താത്പര്യമുണ്ടെന്നും ബോണ്ടൻബെൽ പറഞ്ഞു. ഇന്ത്യയിലെ ക്ഷേത്രനഗരിയായ വാരണാസി സന്ദർശിക്കുമ്പോഴാണ് അവർക്ക് തെരുവുനായയെ ലഭിക്കുന്നത്. “സഹയാത്രികർക്കൊപ്പം നഗരത്തിലൂടെ അലസമായി നടക്കുമ്പോൾ “ജയ’ അടുത്തേക്കുവന്നു. പിന്നെ തന്നെ വിട്ട് അതു പോയില്ല’ മെറൽ പറയുന്നു.
“ഒരു ദിവസം, തെരുവിൽവച്ചു ജയയെ മറ്റൊരു നായ ആക്രമിച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ജയയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. പരിക്കേറ്റതോടെ നായയോട് കൂടുതൽ അടുപ്പമായി. നായയെ ദത്തെടുക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നില്ല. പിന്നീട് തന്റെ നാട്ടിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
പട്ടിക്ക് പാസ്പോർട്ടും വീസയും ലഭിക്കുന്നതിനായി ആറു മാസത്തേക്കുകൂടി ഇന്ത്യയിൽ താമസിക്കേണ്ടതായും വന്നു. ഞാനിപ്പോൾ സന്തോഷവതിയാണ്. ജയയുമായി ജന്മനാട്ടിലേക്കു പോകാനൊരുങ്ങുന്നു’- മെറൽ പറഞ്ഞു.