മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥിനിയെ നായയെ വിട്ട് കടിപ്പിച്ചതായി പരാതി. കിഴക്കേക്കരയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയും അനുജത്തിയും കൂടി നടന്നുപോകുമ്പോൾ മങ്ങാട്ട് കവല ഭാഗത്ത് വച്ചാണ് നായ കടിച്ചത്.
അനുജത്തിയെ നായയിൽനിന്ന് സംരക്ഷിക്കുന്നതിനിടെ മൂത്തകുട്ടിക്ക് കടിയേൽക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. അടുത്തവീട്ടിലെ വളർത്തുനായയുമായി നടക്കാനിറങ്ങിയ അയൽവാസി മനഃപൂർവം നായയെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും നല്കിയിരിക്കുന്ന പരാതി.
ഹോം ഗാർഡായി ജോലി ചെയ്യുന്ന വിമുക്തഭടൻ റെജിയുടെ പേരിൽ പോലീസ് കേസെടുത്തു. നായയെ മനഃപൂർവം അഴിച്ചുവിട്ടതല്ലെന്നും കുട്ടികളെ കണ്ടപ്പോൾ കുതിച്ച നായയുടെ കഴുത്തിൽനിന്നു തുടൽ ഊരിപ്പോയതാണെന്നുമാണ് റെജി പറയുന്നത്.
പോലീസ് സ്റ്റേഷനിലെത്തി ഇയാൾ മൊഴി നല്കി. റെജിയുടെ സുഹൃത്തായ ബിനുവിന്റേതാണ് നായ. പലപ്പോഴും റെജിയാണ് ഈ നായയെ അഴിക്കുകയും ആഹാരം നല്കുകയും ചെയ്യാറുള്ളത്.