കടുത്തുരുത്തി: രാവിലെ നടക്കാനിറങ്ങിയപ്പോള്‍ തെരുവ് നായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് രക്ഷപെടാനുള്ള ഓട്ടത്തിനിടെ ആറുവയസുകാരന് വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയില്ലാത്ത കിണറ്റില്‍ വീണ സംഭവത്തില്‍ കിണറിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ വിദേശ മലയാളിയുടെ സഹായം.
പെരുവ കുന്നപ്പള്ളി വേലിയാങ്കര ഒക്കരണ്ടിയില് വീട്ടില്‍ റെജിക്കാണ് കിണറിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ സഹായം ലഭിച്ചത്.
ന്യൂസിലാന്റില്‍ ജോലി നോക്കുന്ന കുറുപ്പന്തറ സ്വദേശിയായ പേര് വെളിപെടുത്താന്‍ ആഗ്രഹിക്കാത്തയാളാണ് പതിനായിരം രൂപ കുറുപ്പന്തറ സ്വദേശിയായ ഹരിമേന് വഴി എത്തിച്ചു നല്‍കിയത്.
ധനസഹായം ലഭിച്ചതോടെ റെജി സംരക്ഷണഭിത്തി നിര്‍മിച്ചു കിണര്‍ സുരക്ഷിതമാക്കി.കഴിഞ്ഞ 28 ന് രാവിലെയാണ് നായ്ക്കളെ ഭയന്ന് സമീപത്തെ വീട്ടിലേക്കു ഓടിയ ആറ് വയസുകാരന് ഓട്ടത്തിനിടെ വീട്ടുമുറ്റത്തെ മൂന്ന് മീറ്ററോളം ഉയരത്തില്‍ വെള്ളമുള്ള കിണറ്റില്‍ വീണു അപകടമുണ്ടായത്.
സംഭവം കണ്ട ഭാര്യ സ്മിത അലറി വിളിച്ചു ഭര്‍ത്താവ് റെജിയെ എഴുന്നേല്പിക്കുകയായിരുന്നു. തുടര്‍ന്ന് കിണറ്റിലേക്കു ചാടിയാണ് റെജി വെള്ളത്തിലേക്കു താണ കുട്ടിയെ ഉയര്‍ത്തിയെടുത്ത് രക്ഷപെടുത്തിയത്.
കുന്നപ്പിള്ളി കോയിക്കല്‍ ഗിരീഷ്-സുജ ദമ്പതികളുടെ ഇളയ മകന് ദേവാനന്ദ് (നന്ദു-6) ആണ് അപകടത്തില്‍പെട്ടത്. നന്ദുവും കുട്ടുകാരനും സമീപവാസിയുമായ ശ്രീഹരിയും രാവിലെ നടക്കാന്‍ പോയപ്പോഴാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.