വീടിനു കാവലായിട്ടാണ് നേരത്തെ നായ്ക്കളെ ഉപയോഗിച്ചിരുന്നത്. കാലംമാറിയപ്പോൾ നായ്ക്കളുടെ സ്ഥാനം കിടപ്പുമുറിവരെയെത്തി. വിദേശ രാജ്യങ്ങളിൽ നേരത്തെയുണ്ടായിരുന്ന ഈ ശീലം കേരളത്തിൽ സജീവമായിട്ട് അധികം വർഷമായിട്ടില്ല.
വിലകൂടിയ, കാണാൻ ഭംഗിയുള്ള നായകൾക്കു മാത്രമെ വീടിനുള്ളിലും കിടപ്പുമുറിയിലും സ്ഥാനമുള്ളൂ. തങ്ങളുടെ പ്രിയപ്പെട്ട നായകളുടെ വിശേഷം പങ്കുവയ്ക്കുന്നത് താരങ്ങളുടെ പതിവാണ്. നായകളുടെ ജന്മദിനം വരെ ആഘോഷിക്കുന്ന താരങ്ങളുണ്ട് കേരളത്തിൽ.
തന്റെ ഒാമന നായയുടെ പേര് ഭർത്താവിന്റെ പേരിനൊപ്പം കഴുത്തിലണിയുന്ന താരവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിലർ മക്കളുടെ സ്ഥാനത്ത് നായയെ കാണുന്പോൾ ചിലരാകട്ടെ കുട്ടികൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം നായകൾക്കും നൽകും.
എസി മുറിയും സ്റ്റാർ ഫുഡും ഒൗട്ടിംഗിനു പോകുന്പോൾ കാറിന്റെ മുൻ സീറ്റിൽ സ്ഥാനവുമൊക്കെ ഈ നായകൾക്ക് പതിവാണെന്ന് പറയേണ്ടതില്ലല്ലോ? എങ്കിലും കാവൽ നായകളുടെയും നാടൻ നായകളുടെയും സ്ഥാനം ഇപ്പോഴും കൂട്ടിലും തുടലിലും തളയ്ക്കപ്പെട്ടുകിടക്കുകയാണ്.
വളർത്തുനായയുമായി ചങ്ങാത്തത്തിൽ കഴിയുന്നവർ അമേരിക്കയിൽ നടന്ന ഈ സംഭവവും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. മിഷിഗണിലാണ് സംഭവം നടന്നത്. അവധിയാഘോഷിക്കാനാണ് കാംഡൺ ബോസെൽ എന്ന ആറുവയസുകാരൻ മുത്തശ്ശിയുടെ അടുത്തെത്തിയത്.
കെയോസ് എന്ന നായയായിരുന്ന അവിടുത്തെ അവന്റെ കളിക്കൂട്ടുകാരൻ. ഒരു ദിവസം കളിക്കിടെയാണ് ആ സംഭവം. മുത്തശ്ശി കുളിക്കാൻ പോയിരിക്കുകയായിരുന്നു. കാംഡൺ നായയുമായിട്ട് കളിക്കുകയായിരുന്നു. ഇടയ്ക്ക് കഴിക്കാൻ സ്നാക്സും കൂടെയുണ്ടായിരുന്നു. കളിക്കിടെ കഴിക്കാൻ സ്നാക്സ് എടുക്കാൻ ശ്രമിച്ച കാംഡണിന്റെ നേരെ നായ കുതിച്ചു ചാടി.
സുന്ദരമായിരുന്ന അവന്റെ മുഖം കടിച്ചെടുത്തു. അവന്റെ അലർച്ച കേട്ട് ഒാടിയെത്തിയ മുത്തശ്ശി കാണുന്നത് ഈ ഭീകരരംഗമാണ്. കാംഡണിനെ മുത്തശ്ശി നായയിൽ നിന്ന് തള്ളിമാറ്റി. ഇതിനോടകം അവന്റെ മനോഹര മുഖം രക്തം കൊണ്ട ്നിറഞ്ഞിരുന്നു.
ആശുപത്രിയിലെത്തിച്ച കാംഡണിനെ പ്ലാസ്റ്റിക് സർജറി നടത്തിയാണ് മുഖം ശരിയാക്കിയത്. ഇതിനുമുന്പ് നായ ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്നാണ് മുത്തശ്ശി പറയുന്നത്.
നായയയുടെ കടി കഴുത്തിലെ ഞരന്പ് ലക്ഷ്യമാക്കിയായിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ. കുട്ടികളെ നായകൾക്കൊപ്പം ഒരിക്കലും തനിച്ചാക്കരുതെന്നാണ് മുത്തശ്ശി ഇപ്പോൾ കുട്ടിയെ കാണാൻ വരുന്നവർക്ക നൽകുന്ന ഉപദേശം.